കൊല്ലം: ലിങ്ക് റോഡിൽ നിർമ്മാണത്തിനെത്തിച്ച കോൺക്രീറ്റ് മിക്സിംഗ് പമ്പിംഗ് വാഹനത്തിന് തീപിടിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ നിർമ്മാണ നടക്കുന്ന ലിങ്ക് റോഡ് ഭാഗത്തായിരുന്നു സംഭവം. നിർത്തിയിട്ടിരുന്ന വാഹനത്തിൽ പെട്ടെന്ന് തീ പടരുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവർമാർ വിവരമറിയിച്ചതിനെ തുടർന്ന് കടപ്പാക്കടയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമെത്തി അരമണിക്കൂറോളം പരിശ്രമിച്ചാണ് തീ കെടുത്തിയത്. ബാറ്ററിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. സാമൂഹ്യവിരുദ്ധർ തീയിട്ടതാണോയെന്ന സംശയവുമുണ്ട്. നഷ്ടം കണക്കാക്കിയിട്ടില്ല.