photo
പായൽ നിറഞ്ഞ പുത്തൂർ പഴയചിറ

കൊല്ലം: പവിത്രേശ്വരം ഗ്രാമ പഞ്ചായത്തിലെ പുത്തൂർ പഴയചിറ പായൽമൂടി നശിക്കുന്നു. വേനൽക്കാലം അടുത്തുവരാനിരിക്കെ ചിറ വൃത്തിയാക്കണമെന്ന ആവശ്യം ശക്തമായി. ചിറയിലെ വെള്ളം പുറത്തുകാണാനൊക്കാത്തവിധം പായൽമൂടിയിട്ട് ഏറെ നാളായി. ലക്ഷങ്ങൾ മുടക്കി നവീകരിച്ചിട്ടും ചിറ ഉപയോഗിക്കാൻ കഴിയുന്നില്ല. നാടിന് പഴവറയെന്ന പേരുനൽകിയ ചിറയുടെ ദുരിതാവസ്ഥകൾ നേരത്തെ കേരളകൗമുദി വാർത്തായായി പ്രസിദ്ധീകരിച്ചിരുന്നു.

മന്ത്രി കണ്ടിട്ടും പരിഹാരമായില്ല

രണ്ടുമാസം മുമ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ തൊട്ടടുത്തുള്ള സായന്തനം ഗാന്ധിഭവനിൽ പൊതുചടങ്ങിന് പങ്കെടുക്കവെ ചിറയുടെ ദുരിതാവസ്ഥകൾ നേരിൽക്കണ്ട് ബോദ്ധ്യപ്പെട്ടിരുന്നു. അടിയന്തര പരിഹാരമുണ്ടാക്കാൻ ഇടപെടുമെന്നാണ് മന്ത്രി അന്ന് പറഞ്ഞത്. എന്നാൽ ചിറയുടെ സ്ഥിതി കൂടുതൽ ഭീകരമായിത്തുടരുകയാണ്.

നവീകരിച്ചു, പായൽ മൂടി നാണംകെടുത്തി

പതിറ്റാണ്ടുകളായി പായലും ചെളിയും മൂടി വിസ്മൃതിയിലേക്ക് ആണ്ടുകൊണ്ടിരുന്ന ചിറ മൂന്നര വർഷം മുൻപാണ് വൃത്തിയാക്കിയത്. മൂന്നേ കാൽ ലക്ഷം രൂപ തൊഴിലുറപ്പ് പദ്ധതി വഴി ചെലവഴിച്ചാണ് ആദ്യം വൃത്തിയാക്കിയത്. പിന്നീട് ഗ്രാമ പഞ്ചായത്ത് ചിറ നവീകരണത്തിനായി 5 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കി. സംരക്ഷണ ഭിത്തികളെല്ലാം പുനർ നിർമ്മിക്കുകയും കരവെള്ളം ഇറങ്ങാത്തവിധം തോട് തെളിച്ച് വൃത്തിയാക്കി. വെള്ളം വറ്റിച്ച് ചെളികോരി വൃത്തിയാക്കി. എന്നാൽ നവീകരണം പൂർത്തിയായ ഉടൻതന്നെ പായൽ നിറയാൻ തുടങ്ങി. ഇപ്പോൾ ചിറ നിറയെ പായൽ മൂടി. നല്ല വിസ്തൃതിയുള്ള ചിറയായിട്ടുകൂടി നീന്തൽ പരിശീലനത്തിനടക്കം ഉപയോഗിക്കാൻ സംവിധാനമുണ്ടാക്കിയില്ല. മത്സ്യ വിത്തുകൾ ഇട്ടിരുന്നുവെങ്കിലും പായൽശല്യത്താൽ അതും ഗുണകരമായില്ല. വേനൽക്കാലമെത്തു മുൻപെ ചിറയിലെ പായൽ നീക്കണമെന്നാണ് പൊതു ആവശ്യം. നാട്ടുകാർക്ക് കുളിക്കാനും തുണി അലക്കാനും ഉൾപ്പടെ ഉപയോഗിക്കുന്ന തരത്തിൽ ചിറ വൃത്തിയാക്കണം.

പാർക്കും അനുബന്ധ സൗകര്യങ്ങളും

ചിറയുടെ നാല് വശവും ചുറ്റിക്കാണാൻ നടപ്പാതയൊരുക്കുകയും ഇരിപ്പിടങ്ങളൊരുക്കുകയും ചെയ്താൽ പാർക്കുപോലെ ഇവിടം സജീവമാകും. കുട്ടികൾക്കുള്ള വിനോദ സംവിധാനങ്ങളും ലൈറ്റിംഗ് സൗകര്യങ്ങളും വേണം. അനാഥാലയത്തോട് ചേർന്നുള്ള ചിറയായതിനാൽ ഇവിടേക്ക് പുറമെ നിന്നുള്ള ആളുകളും ധാരാളമായെത്താനിടയുണ്ട്.