1-

കൊല്ലം: കൊല്ലത്തേക്കുള്ള തമിഴ്‌നാട് സർക്കാർ ബസിൽ നിന്ന് രണ്ട് കിലോഗ്രാം കഞ്ചാവുമായി യാത്രക്കാരനായ യുവാവിനെ എക്സൈസ് പിടികൂടി. തിരുവനന്തപുരം, നെടുമങ്ങാട് മാണിക്കൽ അണ്ണൽ പേഴുംമൂട് വീട്ടിൽ രാജേഷ് കുമാറാണ് (32) പിടിയിലായത്.

പുനലൂരിൽ കാത്തുനിൽക്കുന്ന ഒരാൾക്ക് കൊടുക്കാനാണ് കഞ്ചാവ് എത്തിച്ചതെന്ന് ഇയാൾ മൊഴി നൽകി. മൊബൈൽ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ബി.സുരേഷ് അറിയിച്ചു. കഴിഞ്ഞ ദിവസം കുറഞ്ഞ അളവിൽ കഞ്ചാവ് കടത്തിയ യുവാവിനെ പിടികൂടിയിരുന്നു. തുടർന്ന് ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ പരിശോധന ശക്തമാക്കിയിരുന്നു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി.സി.ബിജുവിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ പി.സി.ഗിരീഷ് ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പരിശോധന ശക്തമാക്കിയതായി അസി. എക്‌സൈസ് കമ്മിഷണർ വി.റോബർട്ട് അറിയിച്ചു.