muhammed-kunju

കുന്നിക്കോട്: പത്രവിതരണത്തിനിടെ സിമന്റ് ലോറിയിടിച്ച് പരിക്കേറ്റ ഏജന്റ് മരിച്ചു. കുന്നിക്കോട് കണ്ണുകെട്ടിവിള വീട്ടിൽ (നസ്റിയ മൻസിൽ) മുഹമ്മദ് കുഞ്ഞാണ് (72) ഇന്നലെ വൈകിട്ട് 6.30ന് കൊല്ലത്തെ സഹകരണ ആശുപത്രിയിൽ മരിച്ചത്.

കഴിഞ്ഞ മാസം 29ന് രാവിലെ 9.15 ഓടെ കുന്നിക്കോട് ടൗണിലുള്ള ആവണീശ്വരം സർവീസ് സഹകരണ ബാങ്കിന് സമീപത്ത് പത്രം വിതരണം ചെയ്യുന്നതിനിടെയാണ് അപകടം. മുഹമ്മദ് കുഞ്ഞ് റോഡ് വശത്ത് കൂടി സൈക്കിളിൽ സഞ്ചരിക്കവേ കൊല്ലം ഭാഗത്ത് നിന്ന് പുനലൂർ ഭാഗത്തേക്ക് അതിവേഗത്തിൽ വന്ന സിമന്റ് ലോറി പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു.

വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് കുഞ്ഞിനെ കൊല്ലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തുടക്കം മുതലേ ആരോഗ്യനില മോശമായിരുന്നു. കബറടക്കം ഇന്ന് രാവിലെ 11.30ന് കുന്നിക്കോട് മുസ്ലീം ജമാഅത്ത് കബർസ്ഥാനിൽ.

ഭാര്യ : നദീറ ബീവി

മക്കൾ : നസ്റിയ, ഫൗസിയ

മരുമക്കൾ : അബ്ദുൽ സലാം, അൽത്താഫ്