കൊല്ലം: ക്രിസ്മസ് എത്താറായി എന്നിട്ടും പുത്തൂരിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമില്ല. നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായത് ക്രിസ്മസ് വ്യാപാരത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികൾ. ഇപ്പോൾ പട്ടണം കടക്കാൻ മണിക്കൂറുകൾ വേണം. രണ്ട് മാസത്തിലധികമായി പുത്തൂർ പട്ടണം നിർമ്മാണ പ്രവർത്തനങ്ങളുടെ ദുരിതം അനുഭവിക്കുകയാണ്.
റോഡുകൾ മുറിച്ച്, വലഞ്ഞ് യാത്രക്കാർ
കൊട്ടാരക്കര- പുത്തൂർ-ശാസ്താംകോട്ട റോഡ് നവീകരണത്തിന്റെ ഭാഗമായിട്ടാണ് പുത്തൂർ ടൗണിലെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. ആലയ്ക്കൽ ജംഗ്ഷനിലും ചേരിയിൽ ക്ഷേത്രത്തിന് സമീപത്തുമായി കലുങ്ക് നിർമ്മാണമാണ് ആദ്യം തുടങ്ങിയത്. അതിന്റെ കോൺക്രീറ്റ് ജോലികൾ പൂർത്തിയായിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും റോഡ് പൂർണമായും തുറന്നുകൊടുത്തിട്ടില്ല. മണ്ഡപം ജംഗ്ഷനിൽ റോഡ് ഗതാഗതം പൂർണമായും തടസപ്പെടുത്തിയാണ് റോഡ് മുറിച്ചത്. ഇവിടെ കലുങ്ക് നിർമ്മിച്ചശേഷം വാഹനങ്ങൾ കടത്തിവിട്ടുതുടങ്ങിയതാണ് ആകെയുള്ള ആശ്വാസം. ഞാങ്കടവ് റോഡുകൂടി പൂർണമായും മുറിച്ചു. ഇതുവഴി ഇരുചക്ര വാഹനങ്ങൾക്കുപോലും കടന്നുപോകാനും കഴിയുന്നില്ല. ആകെക്കൂടി വാഹന യാത്രക്കാർ വലയുകയാണ്.
ഒച്ചിഴയും വേഗത്തിൽ ഓട നിർമ്മാണം
ഏറെ തിരക്കേറിയ പട്ടണത്തിൽ ഇരുവശവും ഓടനിർമ്മാണം നടക്കുന്നുണ്ട്. ചിലയിടങ്ങളിൽ ഒരു വശത്ത് മാത്രമേയുള്ളു. ആഴ്ചകൾക്ക് മുന്നേ ഓടയുടെ ഭാഗം തോണ്ടി മണ്ണെടുത്തുമാറ്റി. മണ്ണ് റോഡിലേക്കിറക്കിയിട്ടിരിക്കയാണ്. മണ്ണുമാറ്റി ഓട തെളിച്ചുവെങ്കിലും ഇതിന്റെ നിർമ്മാണ ജോലികൾക്ക് തീരെ വേഗതയില്ല. കൂടുതൽ തൊഴിലാളികളെ ഉപയോഗിച്ചും യന്ത്ര വത്കൃത സംവിധാനങ്ങൾ ഉപയോഗിച്ചും ഒരാഴ്ചകൊണ്ട് പൂർത്തിയാക്കേണ്ട ഓട നിർമ്മാണം ഒച്ചിഴയും വേഗത്തിലാണ്. തീർത്തും അലംഭാവമാണ് ഇക്കാര്യത്തിൽ അധികൃതരും പുലർത്തുന്നത്. തിരക്കേറിയ ടൗണിലെ കയ്യേറ്റങ്ങൾ നേരത്തെ അളന്നുതിരിച്ച് ഒഴിപ്പിച്ചിരുന്നു. കല്ലിടുകയും ചെയ്തതാണ്. എന്നാൽ ഓട നിർമ്മിച്ചപ്പോൾ തിരിച്ചുപിടിച്ച ഭാഗം മാറ്റിയിട്ടത് വലിയ വിവാദങ്ങൾക്ക് ഇടനൽകി. ഇതിൽ പ്രതിഷേധിച്ച് ബി.ജെ.പി യോഗം സംഘടിപ്പിക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
പൊടിശല്യം രൂക്ഷം
നിർമ്മാണ പ്രവർത്തനങ്ങൾക്കായി മണ്ണിളക്കി ഇട്ടതുമൂലം ഇപ്പോൾ പട്ടണത്തിൽ പൊടിശല്യവും ഏറുന്നു. വാഹനങ്ങൾ കടന്നുപോകുമ്പോൾ മൂക്കുപൊത്തുകയാണ് വഴിയാത്രക്കാർ. വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങളും ഇതുമൂലം പൊടിയടിച്ച് നശിക്കുന്നുണ്ട്.