oda

കൊല്ലം: ഓട നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച് ഇരുനൂറോളം കുടുംബങ്ങളെ വെള്ളത്തിലാക്കി നഗരസഭ. ചാത്തിനാംകുളം കുരുന്നാമണി ക്ഷേത്രത്തിന് സമീപമുള്ള കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. മഴക്കാലത്തെ ചെറിയ വെള്ളക്കെട്ട് പരിഹരിക്കാൻ നിർമ്മിച്ച ഓട ഇപ്പോൾ പ്രദേശത്ത് സ്ഥിരമായി വെള്ളപ്പൊക്കമുണ്ടാക്കുകയാണ്.

കുരുന്നാമണി ക്ഷേത്രത്തിന് സമീപത്ത് നിന്ന് കുഴിയാനി മുക്കിലേക്കുള്ള റോഡ് രണ്ട് വർഷത്തോളം വെട്ടിപ്പൊളിച്ചിട്ടതിന് ശേഷം ഒരു വർഷം മുൻപാണ് ഓടയുടെ വീതി കൂട്ടാൻ തുടങ്ങിയത്. വീടിന് മുന്നിലുള്ള ഭാഗത്തെ വീതികൂട്ടൽ കുഴിയാനി ജംഗ്ഷന് സമീപമുള്ള മൂന്ന് വീട്ടുകാർ തടഞ്ഞതോടെ നഗരസഭാ അധികൃതരും കരാറുകാരും പണി ഉപേക്ഷിച്ച് മടങ്ങി. അതിന് ശേഷം വിവിധ പ്രദേശങ്ങളിൽ നിന്നും കുത്തിയൊലിച്ചെത്തുന്ന വെള്ളം ഒഴുകിപ്പോകാനാകാതെ കുരുന്നാമണി ക്ഷേത്രത്തിന് സമീപമെത്തി വെള്ളപ്പൊക്കമാകും. ചെറു മഴ പെയ്താൽ തന്നെ ഓട കവിഞ്ഞൊഴുകി പ്രദേശത്തെ വീടുകളിൽ മുട്ടറ്റം വെളളം കയറും.

ഒഴുകിയെത്തുന്ന കക്കൂസ് മാലിന്യം അടക്കമുള്ള വെള്ളക്കെട്ട് ദിവസങ്ങളോളം കെട്ടിനിൽക്കും. ഈ സമയത്ത് പകർച്ചാവ്യാധികളും പടർന്നുപിടിക്കും. അതുകൊണ്ട് തന്നെ പലരും ഇവിടുത്തെ വീട് ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ്. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ തൊട്ടടുത്തുള്ള സ്കൂളിലേക്ക് പോകുന്നതും ഇതുവഴിയാണ്. ശേഷിക്കുന്ന ഭാഗത്ത് കൂടി ഓടയുടെ വീതി കൂട്ടിയാൽ പ്രശ്നം പരിഹരിക്കപ്പെടും. പക്ഷെ കൗൺസിലറും നഗരഭരണക്കാരും അതിന് തയ്യാറാകുന്നില്ല.

ഇഴജന്തുക്കളുടെ ശല്യവും

വെള്ളക്കെട്ടത്തിൽ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. വിദ്യാർത്ഥികൾ ട്യൂഷൻ കഴിഞ്ഞ് സന്ധ്യയ്ക്കാണ് വീട്ടിലേക്ക് വരുന്നത്. ചെറുമഴ പെയ്ത് വെള്ളക്കെട്ട് ഉണ്ടാകുന്ന സമയങ്ങളിൽ രക്ഷാകർത്താക്കൾ ഓട്ടോറിക്ഷ പിടിച്ചാണ് കുട്ടികളെ വീട്ടിലേക്ക് കൊണ്ടുവരുന്നത്.

'' സ്ഥലം കൗൺസിലർ ചില വ്യക്തികളുടെ താല്പര്യത്തിന് വഴങ്ങിയതാണ് ഓട നിർമ്മാണം പാതിവഴിയിലാകാൻ കാരണം. മൂന്ന് കുടുംബങ്ങൾക്ക് വേണ്ടി നിരവധി കുടുംബങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. "

എസ്. അജികുമാർ

ബി.ജെ.പി തൃക്കടവൂർ മണ്ഡലം സെക്രട്ടറി

'' വർഷങ്ങളായി ദുരിതം അനുഭവിക്കുകയാണ്. ഓട നിർമ്മാണം പാതി വഴിയിൽ ഉപേക്ഷിച്ചതോടെ വെള്ളക്കെട്ട് അതിരൂകഷമാണ്. മഴ പെയ്താൽ ഒരു വാഹനം പോലും ഇതുവഴി വരില്ല. അത്യാഹിതങ്ങൾ സംഭവിക്കുന്നവരെ ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്ത അവസ്ഥയാണ് "

ആർ. മധു

പ്രദേശവാസി

''വിദ്യാർത്ഥികൾ ഇതുവഴിയാണ് സ്കൂളിലേക്ക് പോകുന്നത്. മലിനജലത്തിൽ ചവിട്ടി കുട്ടികളുടെ കാൽ വ്രണമായി. ഓട നിർമ്മാണത്തിനായി വെട്ടിക്കുഴിച്ച റോഡ് പൂർത്തിയാകാത്തതിനാൽ ഓട്ടോറിക്ഷക്കാർ ഇതുവഴി വരാൻ തയ്യാറാകുന്നില്ല. അതുകൊണ്ട് കിലോമീറ്ററുകൾ ചുറ്റിക്കറങ്ങണം. 200 രൂപയോളം അധികം കൊടുക്കേണ്ട അവസ്ഥയാണ്. "

എം.സിദ്ദിഖ്

പ്രദേശവാസി