arge

ചവറ : ഖത്തറിൽ ലോകകപ്പിന്റെ ആവേശം വാനോളം നിറയുമ്പോൾ ചവറ പൻമനയിൽ കാൽപന്ത് പരീശീലകൻ രവിയുടെ വീ‌ട് അർജന്റീനയുടെ ജഴ്സിയണിഞ്ഞ് നിൽക്കുകയാണ്.

കളിക്കാരനും പരിശീലകനുമായി കായികരംഗത്ത് നാലുപതിറ്റാണ്ടായി നിറഞ്ഞു നിൽക്കുന്ന പൻമന നടുവത്തുചേരി തയ്യിൽ വീട്ടിൽ ആർ.രവി അമ്പതിനായിരത്തോളം രൂപ ചെലവാക്കിയാണ് ഫുട്ബാൾ ആവേശം പ്രകടിപ്പിച്ചത്. മെസിയാണ് രവിയുടെ ഇഷ്ട താരം. കളിക്കാരനായും കോച്ചായും തുടരുന്ന രവി ആയിരക്കണക്കിന് കുട്ടികൾക്ക് സൗജന്യമായി പരിശീലനം നൽകുന്നുണ്ട്. സംസ്ഥാന ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പത്തുവർഷം തുടർച്ചയായി ജില്ലാസിനിയർ ടീമിന്റെ പരിശീലകനായിരുന്നു. ഇന്ത്യൻ ഫുട്ബാൾ അസോസിയേഷന്റെ സി ലൈസൻസും കേരള ഫുട്ബാൾ അസോസിയേഷന്റെ ഡി ലൈസൻസും നേടിയിട്ടുണ്ട് . 2008 മുതൽ ചവറ കോളേജ്, ശങ്കരമംഗലം ഗേൾസ് ആൻഡ് ബോയ്സ്, കരുനാഗപ്പള്ളി ഫിഷറീസ് സ്കൂളുകളിലെയും പരിശീലകനാണ്. പോർച്ചുഗൽ ഫുട്ബാളറായിരുന്ന ലൂയിസ് ഫിഗോയുടെ ഓർമ്മയ്ക്കായി എൻജിനിയറിംഗ് വിദ്യാർത്ഥിയായ മകന് ഫിഗോ രവി എന്ന പേരാണ് ഇട്ടിരിക്കുന്നത്.