കരുനാഗപ്പള്ളി: ഒരു പ്രദേശത്തിന്റെ കാൽപ്പന്ത് വികാരങ്ങളെ ഹൃദയത്തോടു ചേർത്തു പിടിച്ച് കാൽപ്പന്ത് ആരാധകർ കേരളാ പ്രീമിയർ ലീഗിലേക്ക് പ്രവേശനത്തിനായി ഒന്നിക്കുന്നു. കേരളത്തിലെ ക്ലബ് ഫുട്ബാളിന്റെയും പ്രൊഫഷണൽ ഫുട്ബാളിന്റെയും അഭിമാന പോരാട്ടമാണ് നടക്കുന്നത്. ഗ്രാമീണ മേഖലയിലെ കാൽപ്പന്ത് കൂട്ടായ്മയായ മനയിൽ ഫുട്ബാൾ അസോസിയേഷന്റെ ധനശേഖരണാർത്ഥം ക്രൗഡ് ഫണ്ടിംഗ് കാമ്പയിന് തുടക്കമായി.അതിന്റെ പ്രചരണാർത്ഥം ബ്രോഷർ പ്രകാശന ചടങ്ങ് നടന്നു. എം.എഫ്.എ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫീക്കിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ വെച്ച് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.അനിൽ എസ്.കല്ലേലിഭാഗം ജില്ലാ പഞ്ചായത്തംഗം അഡ്വ.സി.പി.സുധീഷ് കുമാറിന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു . എം.എഫ്.എ പ്രസിഡന്റ് പന്മന മഞ്ജേഷ് പദ്ധതി വിശദീകരിച്ചു. നെറ്റിയാട് പൗരസമിതി ചെയർമാൻ നെറ്റിയാട് റാഫി, സി.മനോജ് കുമാർ, ഗോപാലകൃഷ്ണൻ, അൻവർ സാദത്ത്, മൺസൂർ,എം.എഫ്.എ ആക്ടിംഗ് സെക്രട്ടറി ഫൗസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.