കുണ്ടറ: അധികൃതരുടെ അനാസ്ഥയിൽ കുണ്ടറ ഗ്രാമപഞ്ചായത്തിലെ മുളവനയിലെ ആനക്കുഴി ചാമുണ്ഡിമൂല മണ്ണ് സംരക്ഷണ പദ്ധതി പെരുവഴിയിൽ. മുളവന ഒന്നാം വാർഡിൽ 78 ഹെക്ടർ പ്രദേശത്തെ
മണ്ണൊലിപ്പ് തടയാനായി നബാർഡിന്റെ സാമ്പത്തിക സഹായത്തോടെയുള്ള പദ്ധതിയാണ് പാതിവഴിയിൽ ഉപേക്ഷിച്ചത്.
ആനക്കുഴി പാലത്തിന് സമീപപ്രദേശങ്ങളിലെ ശക്തമായ മണ്ണൊലിപ്പ് പ്രശ്നം ചൂണ്ടിക്കാട്ടി 2011ൽ മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ അന്നത്തെ വാർഡ് മെമ്പർ ജി.അനിൽകുമാർ നിവേദനം നൽകിയതിനെ തുടർന്നാണ് മണ്ണ് സംരക്ഷണ വകുപ്പ് നടപടികൾ തുടങ്ങിയത്. 2016ൽ സംസ്ഥാന സർക്കാർ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഇടവട്ടം നീർത്തടത്തിന്റെ പരിധിയിൽ വരുന്ന ആനക്കുഴി ചാമുണ്ഡിമൂല മണ്ണ് സംരക്ഷണ പദ്ധതിക്ക് 65 ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകി.
ഗുണഭോക്തൃസമിതിയുടെ ചുമതലയിലാണ് പദ്ധതി ആരംഭിച്ചത്. നിർമ്മാണം ആരംഭിക്കുന്നതിലെ കാലതാമസവും സാധനസാമഗ്രികളുടെ വിലവർദ്ധനവും പദ്ധതിയെ പ്രതിസന്ധിയിലാക്കി. രണ്ടുവർഷം കൊണ്ട് പൂർത്തിയാകേണ്ടതായിരുന്നു, എന്നാൽ അഞ്ചു വർഷം കൊണ്ട് 66 ശതമാനം തുക മാത്രമേ ചെലവഴിച്ചുള്ളു. യു.ഡി.എഫ് പ്രതിനിധി എസ്.സുരേഷ് കുമാർ ഗ്രാമപഞ്ചായത്ത് അംഗമായതോടെ പദ്ധതി കാര്യക്ഷമമാക്കാൻ മണ്ണ് സംരക്ഷണ വകുപ്പ് ഓവർസിയറുടെ ഓഫീസിന് മാടൻകാവ് അംഗൻവാടിയുടെ മുകളിലത്തെ നിലയിൽ സൗകര്യം ഒരുക്കി നൽകി. പക്ഷേ പദ്ധതിക്ക് കാര്യമായ പുരോഗതി ഇല്ലാത്തതിനാൽ ഒരു വർഷത്തിന് ശേഷം ഓഫീസിന്റെ പ്രവർത്തനം നിർത്തി. പിന്നീട് ഉദ്യോഗസ്ഥർ തമ്മിലുള്ള പടല പിണക്കത്തിൽ പദ്ധതി പൂർണമായും സ്തംഭിക്കുകയായിരുന്നു.
'' ആനക്കുഴി ചാമുണ്ഡിമൂല മണ്ണ് സംരക്ഷണ പദ്ധതി പ്രതിസന്ധിയിലാക്കിയത്
എൽ.ഡി.എഫ് പഞ്ചായത്ത് അംഗത്തിന്റെ കാലത്തെ അനാവശ്യ ഇടപെടലാണ്. പദ്ധതി പൂർത്തിയാക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് പി.സി. വിഷ്ണുനാഥ് എം.എൽ.എക്ക് നിവേദനം നൽകിയിട്ടുണ്ട്. "
ജി.അനിൽ കുമാർ
കോൺഗ്രസ് കുണ്ടറ ബ്ളോക്ക്
ജനറൽ സെക്രട്ടറി