ooda
ഓട നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച നിലയിൽ

കൊല്ലം: ചാത്തിനാംകുളം കുഴിയാനിമുക്കിനും കുരുന്നാമണി ക്ഷേത്രത്തിനും ഇടയിലുള്ള റോഡ് ഓട നിർമ്മാണത്തിനായി പഞ്ചറാക്കി കൗൺസിലറും കരാറുകാരും മുങ്ങിയിട്ട് മൂന്നാണ്ട്. ഓട നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചതോടെ നേരത്തെ ഈ ഭാഗത്തുണ്ടായിരുന്ന റോഡിന്റെ വീതി മൂന്നര മീറ്ററിൽ നിന്ന് രണ്ടായി ചുരുങ്ങുകയും ചെയ്തു. ഓടയ്ക്കായി മണ്ണെടുത്ത് കുണ്ടും കുഴിയുമായ റോഡിലൂടെ ഇരുചക്ര വാഹനങ്ങൾക്ക് മാത്രമേ ഇപ്പോൾ സുഗമമായി സഞ്ചരിക്കാനാകു.

കഷ്ടിച്ച് അര മീറ്റർ പോലും വീതിയില്ലാത്തതായിരുന്നു ഇതുവഴിയുള്ള ഓട. ഒഴുക്ക് സുഗമമാക്കാനെന്ന പേരിലാണ് ഒന്നര മീറ്റർ വീതിയിൽ ഓട നിർമ്മാണം തുടങ്ങിയത്. ഓടയുടെ സ്ലാബിന്റെ ഉയരത്തിൽ ശേഷിക്കുന്ന ഭാഗത്ത് ടാറിട്ട് റോഡ് സമതലമാക്കുമെന്നായിരുന്നു കൗൺസിലറുടെ വാഗ്ദാനം. എന്നാൽ, കുഴിയാനി മുക്കിന് സമീപം ഓട നിർമ്മാണം ചിലർ തടഞ്ഞതോടെ, ബാക്കിയുള്ള കുടുബങ്ങളെ വെള്ളത്തിലാക്കി അധികൃതർ മുങ്ങി. ഓടയുടെ സ്ലാബും പഴയ റോഡും തമ്മിൽ ഒരടി വരെ വ്യത്യാസമുള്ളതിനാൽ ഓട്ടോറിക്ഷ അടക്കമുള്ള വാഹനങ്ങൾക്ക് ഇതുവഴി സഞ്ചരിക്കാനാകില്ല. ഓട നിർമ്മാണത്തിന്റെ പേരിൽ ഇവടെ നിന്ന് വൻതോതിൽ മണ്ണ് കടത്തിയതോടെ പലയിടങ്ങളിലും വലിയ കുഴിയും രൂപപ്പെട്ടിട്ടുണ്ട്.

മഴ പെയ്യുമ്പോൾ ഓടയും റോഡും തിരിച്ചറിയാനാകില്ല. കുറച്ചധികം സ്ഥലത്ത് ഓടയ്ക്ക് മേൽമൂടിയും സ്ഥാപിച്ചിട്ടില്ല. മഴക്കാലത്ത് റോഡിന്റെ അവസ്ഥയെക്കുറിച്ച് അറിയാത്തവർ ഇതുവഴി വന്നാൽ ഓടയിൽ വീഴുമെന്ന കാര്യം ഉറപ്പാണ്. ഇതുവരെ ആരും ഓടയിൽ വീഴാത്തത് ഭാഗ്യം കൊണ്ട് മാത്രമാണെന്നും പ്രദേശവാസികൾ പറയുന്നു.

നിർമ്മാണത്തിൽ അഴിമതി

ഓടയ്ക്ക് പലയിടങ്ങളിലും അധികൃതർ പ്രഖ്യാപിച്ച വീതിയും ആഴവും ഇല്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഓടയുടെ മേൽമൂടി വലിയ വാഹനങ്ങൾക്ക് കടന്നുപോകാവുന്ന തരത്തിൽ ബലമുള്ളതല്ല. അഴമതിക്കായി ഓടയുടെ ആഴം കൂട്ടാതിരുന്നതാണ് മഴക്കാലത്ത് പ്രദേശത്തുണ്ടാകുന്ന വെള്ളപ്പൊക്കത്തിന് ഒരു കാരണമെന്നും പ്രദേശവാസികൾ പറയുന്നു.