കൊല്ലം: കൊല്ലം - ചെങ്കോട്ട പാതയിലെ മിക്ക റെയിൽവേ ഗേറ്റുകളിലെയും സ്ട്രീറ്റ് ലൈറ്റുകൾ പ്രകാശിക്കുന്നില്ല. റെയിൽവേ ഗേറ്റിന് ഇരുവശത്തും വിളക്കുകൾ പ്രകാശിപ്പിക്കണമെന്ന് കർശന നിർദേശം ഉണ്ടെങ്കിലും നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥരും തയ്യാറാകുന്നില്ല.
കേരളപുരം, നെടുമ്പായിക്കുളം, പള്ളിമുക്ക് റെയിൽവേ ഗേറ്റുകളിലാണ് മാസങ്ങളായി ലൈറ്റുകൾ പ്രകാശിക്കാത്തത്. റെയിൽവേ ഇലക്ട്രിക്കൽ വിഭാഗമാണ് അറ്റകുറ്റപ്പണികൾ നടത്തേണ്ടത്. നിരവധി തവണ പരാതി നൽകിയിട്ടും റെയിൽവേ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കൊല്ലം- ചെങ്കോട്ട പാതയിൽ പലയിടത്തും ഒറ്റപ്പെട്ട പ്രദേശങ്ങളിലാണ് റെയിൽവേ ഗേറ്റുകളുള്ളത്. ആൾ താമസം തീർത്തും കുറവായ വനപ്രദേശങ്ങളുമുണ്ട്. ഇവിടങ്ങളിൽ വഴി വിളക്കുകൾ കണ്ണടച്ചാൽ ലെവൽ ക്രോസുകളിൽ അകപ്പെടുന്ന യാത്രക്കാരുടെ സ്ഥിതി സുരക്ഷിതമല്ലാതാകും. വനിത ജീവനക്കാർ ജോലി ചെയ്യുന്ന ലെവൽ ക്രോസുകളിൽ അവരുടെ സുരക്ഷിതത്വത്തിനും ഇത് ഭീഷണിയാണ്. അടിയന്തരമായി വഴി വിളക്കുകൾ പ്രകാശിപ്പിക്കണമെന്നാണ് യാത്രക്കാരുടെയും ജീവനക്കാരുടെയും ആവശ്യം.