
കരുനാഗപ്പള്ളി: സ്വാമി വിവേകാനന്ദനും ചട്ടമ്പിസ്വാമിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ സന്ദേശം ഓർമ്മിപ്പിച്ച് സ്വാമി വിവേകാനന്ദ - ചട്ടമ്പിസ്വാമി സമാഗമ സ്മാരക വിചാരസഭ സംഘടിപ്പിച്ചു. പന്മന ആശ്രമവും ഇടപ്പള്ളി ശ്രീവിദ്യാധിരാജ വിദ്യാ ഗുരുകുലവുമാണ് എറണാകുളം ശിവക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ വിചാരസഭ സംഘടിപ്പിച്ചത്.
മനുഷ്യന്റെ ഏറ്റവും വലിയ സിദ്ധി, സ്നേഹമാണെന്ന് ജീവിതത്തിലൂടെയും തത്വത്തിലൂടെയും തെളിയിച്ച യതിവര്യനായിരുന്നു ചട്ടമ്പിസ്വാമിയെന്ന് വിചാരസഭ ഉദ്ഘാടനം ചെയ്ത് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന കാമ്പസ് ഡയറക്ടർ ഡോ. കെ.പി.വിജയലക്ഷ്മി പറഞ്ഞു. ഡോ. ലക്ഷ്മി ശങ്കർ ആമുഖ പ്രഭാഷണം നടത്തി. വടയമ്പാടി പരമ ഭട്ടാരക ഗുരുകുല ആശ്രമത്തിലെ സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദർ അദ്ധ്യക്ഷനായി. പന്മന ആശ്രമം ജനറൽ സെക്രട്ടറി എ.ആർ.ഗിരീഷ് കുമാർ, എറണാകുളം ക്ഷേത്രസമിതി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, ശ്രീ വിദ്യാധിരാജ വിദ്യാ ഗുരുകുലം ആചാര്യൻ ജയൻ പായിപ്ര, അജിത്ത്.കെ.കാലാമ്പൂർ, കൃഷ്ണപ്രിയ ജയൻ തുടങ്ങിയവർ സംസാരിച്ചു. "കേരള നവോത്ഥാനം സ്വാമി വിവേകാനന്ദ ചട്ടമ്പിസ്വാമി പ്രസ്ഥാനങ്ങളിലൂടെ" എന്ന വിഷയത്തിൽ ഡോ.രാജീവ് ഇരിങ്ങാലക്കുടയും "ചിൻമുദ്രാ രഹസ്യം" എന്ന വിഷയത്തിൽ ജയൻ പായിപ്രയും പ്രഭാഷണം നടത്തി.