പുനലൂർ: ജനകീയ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ആര്യങ്കാവ് ഫോറസ്റ്റ് റേഞ്ച് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു. വനപാലകരുടെ അതിക്രമം അവസാനിപ്പിക്കുക, യുവ കർഷകനായ സന്ദീപ് മാത്യുവിനെ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ച് വിടുക,വന മേഖലയിലെ തൊഴിൽ പുനരാരംഭിക്കുക, വന്യമൃഗശല്യം ഒഴുവാക്കുക, വന്യമൃഗങ്ങൾ നശിപ്പിക്കുന്ന കാർഷിക വിളകൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ധർണയും സംഘടിപ്പിച്ചത്. ആര്യങ്കാവിലെ ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച ടൗൺ ചുറ്റി ക്ഷേത്രം ജംഗ്ഷനിൽ എത്തി. തിരികെ ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപം പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു. തുടർന്ന് നടന്ന ധർണ സെന്റ് മേരീസ് പള്ളി വികാരി ഫിലിപ്പ് തൈയിൽ ഉദ്ഘാടനം ചെയ്തു. ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജതോമസ് അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ ജസീന്തറോയി, മിനിമോൾ പാൽരാജ്, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ.പ്രദീപ്, മാമ്പഴത്തറ സലീം, ആര്യങ്കാവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.പി.ബി.അനിമോൻ, സി.പി.ഐ ലോക്കൽകമ്മിറ്റി സെക്രട്ടറി വി.എസ്.സോമരാജൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.രാജു,കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി തോമസ് മൈക്കിൾ,മുൻ പഞ്ചായത്ത് അംഗം സണ്ണിജോസഫ്, പാലയ്ക്കൽ വിജയകുമാർ, മത്തായി തോമസ്,ഇടപ്പാളയം സുരേഷ്, രാജേന്ദ്രൻ പിള്ള, ശ്രീദേവി പ്രകാശ്, കെ.എ.പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.