എഴുകോൺ : കൊവിഡ് കാലത്ത് നിറുത്തി വെച്ച എഴുകോൺ തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായി. കെ.എസ്.ആർ.ടി.സിക്ക് ലാഭവും സാധാരണക്കാർക്ക് ആശ്രയവുമായിരുന്നു മെഡിക്കൽ കോളേജ് ആശുപത്രി വഴി സർവീസ് നടത്തിയിരുന്ന ഈ ബസ്. രാവിലെ 5.50 ന് എഴുകോണിൽ നിന്ന് പുറപ്പെട്ട് 7.50ന് തിരുവനന്തപുരത്ത് എത്തുന്ന വിധമാണ് സർവീസ് ക്രമീകരിച്ചിരുന്നത്.

നിറയെ യാത്രക്കാർ

ആറുമുറിക്കട,കുഴിമതിക്കാട്,നല്ലില,കണ്ണനല്ലൂർ,കൊട്ടിയം,ചാത്തന്നൂർ,ആറ്റിങ്ങൽ വഴി മെഡിക്കൽ കോളേജിലേക്കെത്തിയിരുന്ന ബസ് കണ്ണനല്ലൂർ പാലമുക്ക് എത്തുമ്പോഴേക്കും യാത്രക്കാർ തിങ്ങി നിറഞ്ഞിരുന്നു. രാത്രി 8ന് തിരുവനന്തപുരത്ത് നിന്ന് മടങ്ങുന്ന സർവീസ് 10ന് എഴുകോണിൽ എത്തിയിരുന്നു. മെഡിക്കൽ കോളേജ്,ആർ.സി.സി, ശ്രീചിത്ര എന്നിവിടങ്ങളിൽ ചികിത്സയ്ക്കായ്‌ പോകുന്നവരും പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാരുമായിരുന്നു സ്ഥിരം യാത്രക്കാർ.

പ്രതിദിനം 28,000 രൂപ കളക്ഷൻ

രാവിലെ തിരുവനന്തപുരത്ത് എത്തിയ ശേഷം ചാത്തന്നൂർ, കൊട്ടിയം , കൊല്ലം തുടങ്ങിയ ട്രിപ്പുകളും നടത്തുന്ന ബസിന് പ്രതിദിനം 28,000 രൂപ കളക്ഷൻ കിട്ടിയിരുന്നു. പഴയ നിരക്ക് പ്രകാരമുള്ള കണക്കാണിത്. ആദ്യ കാലത്ത് ചാത്തന്നൂർ ഡിപ്പോയിൽ നിന്നായിരുന്നു സർവീസ്. പിന്നീട് ആറ്റിങ്ങൽ ഡിപ്പോയിലേക്ക് കൈമാറി. സ്റ്റേ സർവീസിലെ ജീവനക്കാർക്ക് തങ്ങാൻ എഴുകോൺ സർവീസ് സഹകരണ ബാങ്ക് കെട്ടിടത്തിൽ മുറി സൗജന്യമായി നൽകിയിരുന്നു. ആവശ്യമായ കട്ടിലും ഫാനും അടക്കമുള്ള സൗകര്യങ്ങൾ നാട്ടുകാരും യാത്രക്കാരും ചേർന്നാണ് ഒരുക്കിയത്.

മന്ത്രിക്ക് നിവേദനം നൽകി

സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി കെ.എൻ. ബാലഗോപാലിന് നിവേദനം നൽകി കാത്തിരിക്കുകയാണ് നാട്ടുകാർ. തളവൂർക്കോണം സെന്റർ ഒഫ് മാസ് ആർട്സ് (സി.എം.എ) ക്ലബാണ് ആവശ്യവുമായി മന്ത്രിയെ സമീപിച്ചത്. പ്രസിഡന്റ് അനൂപ് കെ.രാജും സെക്രട്ടറി ശിവപ്രസാദും ചേർന്ന് നിവേദനം കൈമാറി. മുഖ്യമന്ത്രി, ഗതാഗത മന്ത്രി, ട്രാൻസ്പോ‌ർട്ട് കമ്മിഷണർ എന്നിവർക്കും നിവേദനം നൽകിയിട്ടുണ്ട്.

എഴുകോൺ , കരീപ്ര , കൊറ്റംകര,നെടുമ്പന എന്നീ നാല് ഗ്രാമാതിർത്തികളിലൂടെ സർവീസ് നടത്തിയിരുന്ന ബസാണിത്. ഇത്രയധികം ആളുകൾ ആശ്രയിച്ചിരുന്ന സർവീസ് അടിയന്തരമായി പുനരാരംഭിക്കണം.

അനൂപ് കെ.രാജ്

പ്രസിഡന്റ്,

സെന്റർ ഒഫ് മാസ് ആർട്സ്,

തളവൂർക്കോണം