കൊല്ലം : സിവിൽ എൻജിനീയറിംഗിലെ മോഡലിംഗും സിമുലേഷനും സംബന്ധിച്ച് ടി.കെ.എം എൻജിനീയറിംഗ് കോളേജിൽ മുന്നുദിവസമായി നടന്നുവന്നു രാജ്യാന്തര സമ്മേളനം സമാപിച്ചു.
കോളേജ് ട്രസ്റ്റ് പ്രസിഡന്റ് ജനാബ് ഷഹാൽ ഹസൻ മുസലിയാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യു. എസ്. അരിസോണ സ്റ്റേറ്റ് സർവ്വകലാശാല സുസ്ഥിര എൻജിനീയറിംഗ് നിർമ്മിത പരിസ്ഥിതി വിഭാഗം പ്രൊഫസർ ഡോ. നാരായണൻ നെയ്തിലത്ത് ഉദ്ഘാടനം ചെയ്തു. സംഗ്രഹങ്ങളുടെ പുസ്തകം ജനാബ് ജലാലുദ്ദിൻ മുസലിയാർ പ്രകാശനം ചെയ്തു. തുടർന്ന് ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ബംഗളൂരുവിലെ റിട്ട. പ്രൊഫസർ ബി.വി.വി. റെഡ്ഢി 'സെൻർ ഫോർ സുസ്‌റ്റൈനബിൽ പ്രാക്ടിസിസ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ടി.എ.ഷാഹുൽ ഹമീദ് സംസാരിച്ചു.
തുടർന്ന് അമ്പതോളം പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കാനഡ മെക്ഗിൽ സർവ്വകലാശാലയിലെ പ്രൊഫ. ലക്ഷ്മി സുഷമ, ടെക്‌സസ് എ ആൻഡ് എം സർവ്വകലാശാലയിലെ പ്രൊഫ. വിനു ഉണ്ണികൃഷ്ണൻ, റൂർക്കി ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലെ പ്രൊഫ. ശുഭജിത് സാധൂഖാൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. സമ്മേളനത്തോടനുബന്ധിച്ച് നോൺ ഡിസ്ട്രക്ടീവ് ടെസ്റ്റിംഗിനെ കുറിച്ച് ഏകദിന ശില്പശാലയും സുസ്ഥിര വികസനത്തെ ആസ്പദമാക്കി വിദ്യാർത്ഥികളുടെ പ്രോജക്ടുകളുടെ പോസ്റ്റർ പ്രദർശനവും നടന്നു. സമാപന യോഗത്തിൽ സിവിൽ എൻജിനീയറിംഗ് വിഭാഗം മേധാവി ഡോ.ആർ.സജീബ് അദ്ധ്യക്ഷത വഹിച്ചു. ഡോ. സീമ കെ. നായർ, ഡോ.കെ.പി.രാമസ്വാമി, ഡോ.മുനവർ ഫൈറൂസ് എന്നിവർ സംസാരിച്ചു.