road
ശാസ്താംകോട്ട,

കൊല്ലം: ഭരണിക്കാവ്-ചവറ റോഡിൽ ശാസ്താംകോട്ട ജംഗ്ഷനിലെ ട്രാഫിക് ഐലൻഡ് മുതൽ വാട്ടർ അതോറിട്ടി ഓഫീസ് വരെയുള്ള ഭാഗത്തെ റോഡപകടങ്ങൾ കുറയ്ക്കാൻ നടപടി ആവശ്യപ്പെട്ട് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ റിപ്പോർട്ടും നിർദേശങ്ങളും നൽകി. കോവൂർ കുഞ്ഞുമോൻ എം.എൽ.എ, റോഡ് ഫണ്ട് ബോർഡ് എക്സി. എൻജിനീയർ, ശാസ്‌താംകോട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്കാണ് റിപ്പോർട്ട് നൽകിയത്.

ജംഗ്ഷനിൽ റോഡിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായതിനാലും ഉത്സവക്കാലത്തെ തിരക്ക് മുൻകൂട്ടിക്കണ്ട് നടപടി സ്വീകരിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

അപകട കാരണങ്ങൾ
1. ബി.എസ്.എൻ.എൽ ഓഫീസിന് മുൻവശത്ത് അര മീ​റ്റർ വീതിയിലും നാലു മീ​റ്റർ നീളത്തിലും റോഡ് ടാർ ചെയ്യാതെ ഇട്ടിരിക്കുന്നു. ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുന്നില്ല

2. പുനർനിർമ്മാണം നടന്നതിന് ശേഷം റോഡിന്റെ കാരിയേജ്‌വേയും റോഡ് വശവും തമ്മിലുള്ള ഉയരവ്യത്യാസം

3. വാട്ടർ അതോറിട്ടി ക്വാർട്ടേഴ്‌സിന് മുന്നിലൂടെയുള്ള ബൈപ്പാസ് റോഡ് തുടങ്ങുന്ന ഭാഗത്ത് ദിശാസൂചകമില്ല. ഡ്രൈവർമാർക്ക് ആശയക്കുഴപ്പമുണ്ടാകുന്നു

നിർദേശങ്ങൾ

1. ടാർ ചെയ്യാതെ ഒഴിച്ചിട്ടിരിക്കുന്ന ഭാഗം അടിയന്തരമായി ടാർ ചെയ്ത് നിരപ്പാക്കണം

2. ഉയരവ്യത്യാസം കുറയ്ക്കുന്നതിന് വശങ്ങളിൽ മണ്ണിട്ട് ഉയർത്തി റോഡ് ഷോൾഡർ അപകടങ്ങൾ കുറയ്ക്കാം

3. ബൈപ്പാസ് തുടങ്ങുന്ന സ്ഥലത്ത് മീഡിയൻ സ്ഥാപിക്കണം. ഫ്ലെക്‌സിബിൾ പ്ലാസ്​റ്റിക് ബൊള്ളാർഡ്‌സ്, പ്ലാസ്റ്റിക് ക്രാഷ് ബുൾനോസ് മീഡിയനുകൾ സ്ഥാപിച്ചാൽ വാഹനാപകട തീവ്രത കുറയും

രാത്രിയിൽ ഇവ വ്യക്തമായി കാണാനും സാധിക്കും.

4. ബൈപ്പാസ് തുടങ്ങുന്നതിനു മുമ്പ് ദിശാ സൂചന ബോർഡുകൾ, 50 മീ​റ്റർ മാറി തെർമോ പ്ലാസ്റ്റിക്

റംബിൾ സ്ട്രിപ്പ്, അപകട സാദ്ധ്യത മുന്നറിയിപ്പ് ബോർഡുകൾ എന്നിവ സ്ഥാപിക്കണം

5. ബൈപ്പാസ് മെയിൻ റോഡിൽ ചേരുന്ന ഭാഗത്ത് സ്റ്റോപ്പ് സൈനും

സ്റ്റോപ്പ് ലൈൻ കൺട്രോൾ ബോർഡും സ്ഥാപിക്കണം

6. റോഡരിക് വ്യക്തമായി കാണാൻ എഡ്ജ് ലൈൻ വരയ്ക്കണം

റെട്രോ റിഫ്ലക്ടീവ് സ്റ്റഡുകൾ സ്ഥാപിക്കണം

7. കാൽനടയാത്രക്കാർക്കായി റെയിലിംഗ് ബാരിയർ ഉപയോഗിച്ചുകൊണ്ടുള്ള നടപ്പാത നിർമ്മിക്കണം

റോഡ് പുനർനിർമ്മാണത്തിന് ശേഷം അപകടങ്ങൾ കൂടിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ശാസ്താംകോട്ടയിൽ എൻഫോഴ്‌സ്‌മെന്റ് പഠനം നടത്തി വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയത്. അപകടസാദ്ധ്യതയുള്ള മറ്റുള്ളയിടങ്ങളിലും ഇടപെടലുകൾ നടത്തും.

എച്ച്. അൻസാരി, ആർ.ടി.ഒ,

മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ്

റോഡ് നിരപ്പല്ലാത്തതിനാലും ടാർ ചെയ്യാതെ കുറച്ചുഭാഗം ഒഴിവാക്കിയിട്ടിരിക്കുന്നതിനാലും പ്രതിദിനം 5 ഓളം ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നു. ശ്രദ്ധയുണ്ടാകണമെന്ന ആവശ്യത്തിന് നേരെ മുഖം തിരിക്കുകയാണ് അധികൃതർ.

ദീപു, സെക്രട്ടറി,

എസ്.എൻ.ഡി.പി യോഗം ശാസ്‌താംകോട്ട ടൗൺ ശാഖ