കൊല്ലം: ചവറ സ്വദേശി നിഷ ഉൾപ്പെടെയുള്ള ഉദ്യോഗാർത്ഥികളുടെ ജോലി നഷ്ടപ്പെടുത്താൻ മനഃപൂർവം ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഒഴിവിന്റെ അടിസ്ഥാനത്തിൽ നിഷ ഉൾപ്പെടെയുള്ള ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ നൽകാൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ എം.പി മുഖ്യമന്ത്രിക്ക് കത്ത് നൽകി. തൊഴിലില്ലായ്മയെ തുടർന്ന് യുവാക്കൾ വിദേശത്തേക്കും അന്യസംസ്ഥാനങ്ങളിലേയ്ക്കും ജോലിക്ക് പോകുമ്പോൾ വളരെ കുറച്ചുപേർക്ക് ലഭിക്കുന്ന തൊഴിൽ അവസരം നിഷേധിക്കുന്നത് അധാർമ്മികമാണ്. പിൻവാതിൽ നിയമനങ്ങൾ യാതൊരു നിയമനടപടികളും കൂടാതെ ക്രമവിരുദ്ധമായി നടക്കുന്നു. സർക്കാർ ഓഫീസ് പ്രവർത്തന സമയത്ത് തന്നെ ഒഴിവ് റിപ്പോർട്ട് ചെയ്യാൻ ആവശ്യത്തിലേറെ സമയമുണ്ടായിട്ടും മനപൂർവം വീഴ്ചവരുത്തി ഉദ്യോഗാർത്ഥികളെ വലയ്ക്കുന്ന നടപടിയാണ് ഉദ്യോഗസ്ഥൻ ചെയ്തതെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.