nadarajan

അഞ്ചൽ: ഗുരുദേവനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച ഒരു അചഞ്ചല ഭക്തൻ കൂടി മറഞ്ഞു. അഞ്ചൽ തഴമേൽ ഗുരുകൃപയിൽ കെ. നടരാജൻ ഇനി ഗുരുവഴിയിലൂടെയുള്ള സഞ്ചാരത്തിന് ആയിരങ്ങൾക്ക് ഊർജ്ജമാകുന്ന ഓർമ്മ. ഗുരുദേവനായിരുന്നു കെ.നടരാജന് വഴിവിളക്ക്. ഗുരുദർശനത്തിലൂന്നിയുള്ള ചിന്തകൾ പ്ലാനിംഗ് ഡിപ്പാർട്ട്മെന്റിൽ നിന്ന് അഡീഷണൽ ഡയറക്ടറായി വിരമിച്ച കെ. നടരാജനെ മാതൃകാ ഉദ്യോഗസ്ഥനാക്കി. ജനപക്ഷ പദ്ധതികളുടെ സ്രഷ്ടാവാക്കി.

സാധാരണ ഗുരുഭക്തരിൽ നിന്ന് തികച്ചും വ്യത്യസ്തനായിരുന്നു കെ. നടരാജൻ. ഗുരുവിനെ ആഴത്തിൽ പഠിച്ച്, മറ്റ് അദ്ധ്യാത്മിക, സാമൂഹിക ദർശനങ്ങളുമായി താരതമ്യം ചെയ്ത് പുതിയ നിലയിലാണ് അദ്ദേഹം ഗുരുദേവനെ അവതരിപ്പിച്ചത്. കുട്ടിക്കാലത്ത് രക്ഷിതാക്കളിൽ നിന്നാണ് ഗുരുദേവ കൃതികൾ കേട്ടുപഠിച്ച് തുടങ്ങിയത്. പിന്നീട് വായനയിലൂടെ ഗുരുവെന്ന നവോത്ഥാന നായകനെ മനസിൽ വീരപുരുഷനായി പ്രതിഷ്ഠിച്ചു. പിന്നീട് എപ്പോഴോ നവോത്ഥാന നായകനപ്പുറം മഹാഗുരുവാണെന്നും ലോകം കണ്ട ഏറ്റവും വലിയ ദാർശനികനാണെന്നും തിരിച്ചറിഞ്ഞു. ഒടുവിൽ കെ. നടരാജൻ ഗുരുദേവനെ ഹൃദയത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിക്കുകയായിരുന്നു. ശിവഗിരി മഠവുമായും അദ്ദേഹം ഏറെ ആത്മബന്ധം പുലർത്തിയിരുന്നു.

കർഷകനായ തെറ്റിയോട് തെങ്ങുവിള മേലതിൽ വീട്ടിൽ എൻ. കുഞ്ഞുപിള്ളയുടെയും എൻ. ഭാരതിയുടെയും ഏഴ് മക്കളിൽ മൂന്നാമനായി 1957 ലാണ് നടരാജന്റെ ജനനം. കുട്ടിക്കാലത്തേ പഠനത്തിൽ മിടുക്കനായിരുന്നു. ധനതത്വശാസ്ത്രത്തിൽ കൊല്ലം എസ്.എൻ.കോളേജിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും ഉയർന്ന മാർക്കിൽ വിജയിച്ചു. പിന്നീട് വിവിധ കോളേജുകളിൽ അദ്ധ്യാപകനായി. ഇതിനിടയിൽ 1987 ൽ സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിൽ റിസർച്ച് ഓഫീസറായി ജോലിയിൽ പ്രവേശിക്കുകയായിരുന്നു.

ഗുരുചിന്ത സൃഷ്ടിച്ച ജനകീയ പദ്ധതികൾ

പ്ലാനിംഗ് ബോർഡിലെ വിവിധ തസ്തികകളിൽ നടരാജൻ പ്രവർത്തിക്കുമ്പോഴും അദ്ദേഹത്തിന്റെ മനസിനെ നിയന്ത്രിച്ചിരുന്നത് ഗുരുദേവ ദർശനങ്ങളായിരുന്നു. അതുകൊണ്ട് തന്നെ അധസ്ഥിത ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുള്ള നിരവധി പദ്ധതികൾക്ക് അദ്ദേഹം രൂപം നൽകി. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലെ അവികസിത പ്രദേശങ്ങളായ റോസ്‌മല, വില്ലുമല, അമ്പതേക്കർ തുടങ്ങിയിടങ്ങളിലെ രണ്ടായിരത്തോളം ആദിവാസികൾ രാത്രി വെളിച്ചം കണ്ടത് നടരാജൻ ഐ.ആർ.ഇ.പി പ്രോജക്ട് ഓഫീസർ ആയിരിക്കുമ്പോഴാണ്. അന്ന് നടരാജൻ രൂപം നൽകിയ പദ്ധതിയിലാണ് അവിടങ്ങളിലെ രണ്ടായിരത്തോളം ആദിവാസി കുടുംബങ്ങളിൽ സോളാർ വിളക്കുകൾ സ്ഥാപിച്ചത്.

പ്ലാനിംഗ് ബോർഡ് അസി. ഡയറക്ടറായി പാലക്കാട്ടും, വയനാട്, കണ്ണൂർ, കാസർകോട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ജില്ലാ പ്ലാനിംഗ് ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്. വയനാട് ജില്ലാ പ്ലാനിംഗ് ഓഫീസറായി പ്രവർത്തിക്കുമ്പോഴും ആദിവാസി, ദളിത് വിഭാഗങ്ങൾക്കായി നിരവധി പദ്ധതികൾ നടപ്പാക്കി. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയനിലെ സദാനന്ദപുരം ശാഖാ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു ഗുരുധർമ്മ പ്രചരണ സഭയുടെ പുനലൂർ നിയോജകമണ്ഡലം സെക്രട്ടറി, സി.കേശവൻ സ്മാരക സമിതിയുടെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ച് വരികയായിരുന്നു.