കൊല്ലം : ആയൂർ ജംഗ്ഷനിൽ ബേക്കറി ബോർമ്മയ്ക്ക് തീ പിടിച്ച് സാധന സാമഗ്രികൾ കത്തി നശിച്ചു. ആളപായമില്ല. കൊട്ടാരക്കര റോഡിൽ പ്രവർത്തിക്കുന്ന ശണ്മുഖം നായരുടെ ഉടമസ്ഥതയിലുള്ള സ്റ്റാർ ബെക്കറിയിലാണ് തീ പിടിത്തം ഉണ്ടായത്. ഇന്നലെ രാവിലെ 9 മണിയോടെയാണ് സംഭവം. ബേക്കറിയുടെ മുകളിലത്തെ നിലയിലുള്ള ബോർമ്മ കത്തിക്കുന്നതിനിടെ ഒടിഞ്ഞിരുന്ന ഗ്യാസ് സിലിണ്ടറിന്റെ ട്യൂബിൽ നിന്ന് ഗ്യാസ് ലീക്കായി തീ ആളി പടരുകയായിരുന്നു. വയറിംഗ് സാധനങ്ങളും അടുപ്പും ബേക്കറി ഐറ്റംസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സാധനങ്ങളും കത്തി നശിച്ചു. പുനലൂർ,കൊട്ടാരക്കര, കടക്കൽ എന്നിവിടങ്ങളിൽ നിന്ന് എത്തിയ ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു.