കൊല്ലം : മിനിമം കൂലി വർദ്ധിപ്പിക്കുക, ഇ.എസ്.ഐ ആനുകൂല്യങ്ങൾ ലഭ്യമാക്കുക, ആശ്വാസ ധനസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കശുഅണ്ടി തൊഴിലാളികൾ സംസ്ഥാന വ്യാപകമായി ആരംഭിച്ച അനിശ്ചിതകാല സമരത്തിന് പിന്തുണ അറിയിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി സമരപന്തലിൽ എത്തി. കുന്നത്തൂർ മുപ്പതാം നമ്പർ കോർപ്പറേഷൻ ഫാക്ടറിയിൽ എത്തിയ അദ്ദേഹം അരമണിക്കൂറോളം തൊഴിലാളികളുമായി സംസാരിച്ചു. തുടർന്ന് കോർപ്പറേഷൻ ചെയർമാനെ ഫോണിൽ ബന്ധപ്പെട്ട് സമരം അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.ന്യായമായ അവകാശങ്ങൾക്കു വേണ്ടി കശുഅണ്ടി തൊഴിലാളികൾ നടത്തുന്ന സമരത്തെ കണ്ടില്ലെന്ന് നടിക്കുന്നത് ഇടത് സർക്കാരിന് ഭൂഷണമല്ലെന്നും കോൺഗ്രസിന്റെ ഭാഗത്തു നിന്ന് സമരത്തിന് പൂർണ പിന്തുണ ഉണ്ടാകുമെന്നും കൊടിക്കുന്നിൽ തൊഴിലാളികളെ അറിയിച്ചു. നേതാക്കളായ കെ.സുകുമാരൻ നായർ,സവിൻ സത്യൻ,എസ്.സുഭാഷ്,കാരയ്ക്കാട്ട് അനിൽ,റെജി കുര്യൻ എന്നിവരും എം.പിക്കൊപ്പം സമരക്കാരെ സന്ദർശിച്ചു.അതിനിടെ കുന്നത്തൂർ ഫാക്ടറിയിൽ ഇന്നലെ മാനേജർ ഉൾപ്പെടെയുള്ള ജീവനക്കാരെ കയറ്റാതെ തൊഴിലാളികൾ സമരം ശക്തമാക്കിയിരുന്നു.