
കൊല്ലം: കെ.എസ്.ആർ.ടി.സിയുമായി ചേർന്ന് കോർപ്പറേഷൻ ആരംഭിച്ച ഗ്രാമവണ്ടി നഷ്ടത്തിൽ. ഒരു ദിവസം മൂന്ന് ട്രിപ്പായി 150 കിലോ മീറ്റർ ഓടുമ്പോൾ 60ൽ താഴെ യാത്രക്കാർ മാത്രമാണ് ശരാശരി കയറുന്നത്.
1200 രൂപയാണ് സർവീസ് ആരംഭിച്ച ശേഷമുള്ള കഴിഞ്ഞ പത്ത് ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന കളക്ഷൻ. കുറഞ്ഞത് 3500 രൂപയെങ്കിലും ലഭിച്ചാലേ കെ.എസ്.ആർ.ടി.സിക്ക് ഗ്രാമവണ്ടി മുന്നോട്ട് കൊണ്ടുപോകാനാകൂ.
യാത്രക്കാർ കുറവായതിനാൽ കഴിഞ്ഞ പത്ത് ദിവസത്തിനിടയിൽ ഏകദേശം 20000 രൂപയുടെ നഷ്ടമാണ് കെ.എസ്.ആർടി.സിക്ക് ഉണ്ടായത്. സർവീസിനെക്കുറിച്ച് ജനങ്ങൾ അറിഞ്ഞുവരുന്നതോടെ യാത്രക്കാരുടെ എണ്ണം ഉയരുമെന്നാണ് പ്രതീക്ഷ. എന്നാൽ റൂട്ട് നിശ്ചയിച്ചതിലെ അപാകതയാണ് വരുമാനം ഇടിയാൻ കാരണമെന്ന് ആരോപണമുണ്ട്.
ഓരോ സ്ഥലങ്ങളിലും ബസ് ഏത് സമയത്ത് എത്തുമെന്നും യാത്രക്കാർക്ക് കൃത്യമായ ധാരണയില്ല. അതുകൊണ്ട് സ്ഥിരം യാത്രക്കാരെയും ലഭിക്കുന്നില്ല.
സർവീസ് ആരംഭിച്ചത് - നവംബർ 26ന്
ഒരു ദിവസത്തെ ഇന്ധനച്ചെലവ് - ₹ 3325
കോർപ്പറേഷൻ കെട്ടിവച്ചത് ₹ 1 ലക്ഷം
കോർപ്പറേഷൻ ഇടപെടും
കുറ്റിച്ചിറ, അയത്തിൽ, പള്ളിമുക്ക് റൂട്ടിൽ ഒരു ഗ്രാമവണ്ടി കൂടി തുടങ്ങാൻ കോർപ്പറേഷന് ആലോചനയുണ്ട്. നിലവിലെ സർവീസ് കുറച്ചുനാൾ കൂടി നിരീക്ഷിച്ച ശേഷമേ പുതിയത് ഉണ്ടാകൂ. ഇപ്പോഴത്തെ സർവീസ് കാര്യക്ഷമമാക്കാൻ ബസ് എത്തുന്ന സമയം വിവിധ സ്ഥലങ്ങളിൽ പ്രദർശിപ്പിക്കാൻ ബോർഡുകൾ സ്ഥാപിക്കാൻ കോർപ്പറേഷൻ ആലോചിക്കുന്നുണ്ട്.