
കൊല്ലം: ദേശീയപാത 183 എയിൽ ചക്കുവള്ളി മുതൽ ജില്ലാ അതിർത്തിയായ ആനയടി വഞ്ചിമുക്ക് വരെ അപകടകരമായി നിൽക്കുന്ന ഒൻപത് മരങ്ങൾ മുറിച്ചുമാറ്റാൻ കൊല്ലം സോഷ്യൽ ഫോറസ്റ്റ് അസി. കൺസർവേറ്ററുടെ ഉത്തരവ്. ഗതാഗതത്തിന് തടസമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഗതാഗത വകുപ്പ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നേരത്തെ കത്ത് നൽകിയിരുന്നു. തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ട്രീ കമ്മിറ്റി യോഗം ചേർന്നാണ് മരങ്ങൾ മുറിക്കാൻ തീരുമാനിച്ചത്.
മുറിച്ചുമാറ്റുന്ന മരങ്ങൾക്ക് മൂല്യനിർണയം നടത്തി 3.25 ലക്ഷം രൂപ വില നിശ്ചയിച്ചിട്ടുണ്ടെന്നും സോഷ്യൽ ഫോറസ്ട്രി അസി. ഫോറസ്റ്റ് കൺസർവേറ്റർ വി.ജി. അനിൽകുമാറിന്റെ ഉത്തരവിൽ പറയുന്നു. ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും മരങ്ങൾ മുറിച്ചുമാറ്റാൻ ദേശീയപാത അതോറിട്ടിയുടെ അനുമതികൂടി ലഭ്യമാകണം.
മുറിക്കുന്നവ
മാവ് - 04
ആഞ്ഞിലി - 01
മഹാഗണി - 02
മഞ്ഞ ഗുൽമോഹർ (പെൽറ്റാഫോറം) - 02
ആകെ മൂല്യം ₹ 3,25,889