post
സമാന്തര റോഡ് നിർമ്മിക്കുന്ന സ്ഥലത്തെ വൈദ്യുതി പോസ്റ്റുകൾ കെ.എസ്.ഇ.ബി. ജീവനക്കാർ മാറ്റി സ്ഥാപിക്കുന്നു.

പടിഞ്ഞാറേ കല്ലട :പഞ്ചായത്തിലെ കോതപുരം തലയിണക്കാവ് റെയിൽവേ അടിപ്പാതയുടെ സമാന്തര റോഡ് നിർമ്മിക്കുന്ന സ്ഥലത്ത് തടസമായി നിന്നിരുന്ന വൈദ്യുതി പോസ്റ്റുകൾ കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി ജീവനക്കാർ മാറ്റി സ്ഥാപിച്ചു. കേരളകൗമുദി വാർത്തയെ തുടർന്നാണ് നടപടി. വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാത്ത കാരണത്താൽ മാസങ്ങളായി സമാന്തര റോഡ് നിർമ്മാണം നിലച്ചിരിക്കുകയായിരുന്നു.

എം.പി ഇടപെട്ടു, ത‌ർക്കം മാറി

വർഷങ്ങൾക്കു മുമ്പ് സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് വൈദ്യുതി കണക്ഷൻ നൽകുന്നതിനുവേണ്ടി റെയിൽവേയുടെ സ്ഥലത്ത് കൂടി അനുവാദമില്ലാതെ കെ.എസ്.ഇ.ബി പോസ്റ്റ് കുഴിച്ചിട്ട് ലൈൻ വലിച്ചതും പിന്നീട് അത് മാറ്റി സ്ഥാപിക്കുന്നതിനുള്ള ചെലവ് ആര് വഹിക്കുമെന്നുള്ള തർക്കവുമായിരുന്നു നിലനിന്നിരുന്നത്. റെയിൽവേയുടെയും വൈദ്യുതി ബോർഡിന്റെയും അധികൃതരുമായി കൊടിക്കുന്നിൽ സുരേഷ് എം.പി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് പരിഹാരം .

ശേഷിക്കുന്ന ജോലികൾ

അടിപ്പാത നിർമ്മാണം പൂർത്തിയായിട്ട് മാസങ്ങളായെങ്കിലും റെയിൽവേ ലൈനിന് ഇരുവശത്തുമുള്ള സമാന്തര റോഡിന്റെ ടാറിംഗും വശങ്ങളിലെ ഓടയുടെ കോൺക്രീറ്റ് ജോലികളുമാണ് ഇനി ബാക്കിയുള്ളത്.ഇതു കൂടി കഴിയുന്നതോടെ അടിപ്പാത ഏതാനും മാസങ്ങൾക്കുള്ളിൽ പൊതു ഗതാഗതത്തിനായി തുറന്നു കൊടുക്കും.

പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് ഏറെ തടസമായി നില്ക്കുന്ന തലയിണക്കാവ് റെയിൽവേ ഗേറ്റ് പുതിയ റെയിൽവേ അടിപ്പാതയുടെയും സമാന്തര റോഡിന്റെയും പൂർത്തീകരണത്തോടെ പരിഹരിക്കപ്പെടും. എത്രയും വേഗം ശേഷിക്കുന്ന പണികൾ പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് ഗതാഗതത്തിനായി തുറന്നു കൊടുക്കുവാൻ അധികൃതർ നടപടി സ്വീകരിക്കണം..
ഡോ.സി. ഉണ്ണികൃഷ്ണൻ ,
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ,പടിഞ്ഞാറേ കല്ലട .