kollam



കൊല്ലം: ദേശീയ ജലപാതയുടെ ഭാഗമായ കൊല്ലം തോടിന്റെ മൂന്നാം റീച്ച് നിർമ്മാണം മന്ദഗതിയിൽ.കച്ചിക്കടവ്‌ മുതൽ ജലകേളി കേന്ദ്രം വരെ 1.8 കിലോമീറ്റർ ദൂരം വരുന്ന റീച്ചിൽ സംരക്ഷണഭിത്തി നിർമ്മാണം കൂടാതെ ആഴം കൂട്ടൽ കൂടി കരാറിലുണ്ട്.മുണ്ടയ്ക്കൽ പാലത്തിന് സമീപം കച്ചിക്കടവിൽ 2500 മീറ്റർ നീളത്തിലാണ് സംരക്ഷണ ഭിത്തി നിർമ്മിക്കേണ്ടത്. ഇതിൽ 70 മീറ്റർ ദൂരം ഭിത്തി നിർമ്മാണം മാത്രമാണ് പൂർത്തിയായത്. തോടിന്റെ നിലവിലുളള മൺ ഭിത്തിയുടെ ബലക്കുറവ് കാരണം തെങ്ങുംകുറ്റികൾ സ്ഥാപിച്ച് ബലപ്പെടുത്തിയാണ് ഭിത്തി നിർമ്മിക്കുന്നത്. ഇതു കാരണമാണ് ജോലികൾ വൈകുന്നത്.

തോടിന്റെ മുടങ്ങിക്കിടന്ന മൂന്നാം റീച്ചിന്റെ നിർമ്മാണം മൂന്നര കോടി രൂപയ്ക്ക് കരാർ പുതുക്കി നൽകി അടുത്തിടെയാണ് പുനരാരംഭിച്ചത്. ഭിത്തി നിർമ്മാണം പൂർത്തിയയെങ്കിലേ ആഴം വർദ്ധിപ്പിക്കാനാകൂ. 2023 ജൂലായ്ക്ക് മുൻപ് ജോലി തീർക്കണമെന്നാണ് കരാർ വ്യവസ്ഥ. ആദ്യഘട്ടത്തിൽ 4.8 കോടി രൂപക്ക് മൂന്നാം റീച്ചിന്റെ നിർമ്മാണം കരാർ നൽകിയെങ്കിലും ജോലികൾ പൂർത്തീകരിക്കാതെ നീട്ടിക്കൊണ്ടുപോയതിനെ തുടർന്ന് കരാറുകാരനെ ഉൾനാടൻ ജലഗതാഗ വകുപ്പ്‌ ഒഴിവാക്കുകയായിരുന്നു.

616 കിലോമീറ്റർ ദൂരം വരുന്ന കോവളം -ബേക്കൽ ദേശീയ ജലപാത കഴിഞ്ഞ വർഷം ഫെബ്രുവരി 15നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ തുറന്നുകൊടുത്തത്. ഇരവിപുരം കായൽ മുതൽ അഷ്‌ടമുടി മൗത്ത്‌ വരെ 7.86 കിലോമീറ്ററാണ്‌ കൊല്ലം തോട്‌. ആറ്‌ റീച്ചുകളായി നിർമ്മാണം ആരംഭിച്ച തോടിന്റെ മൂന്നാം റീച്ചാണ് അനിശ്ചിതമായി നീണ്ടുപോയത്.
.

ജൈവവേലി നിർമ്മാണം

കൊല്ലം തോട്ടിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ ഇരുകരകളിലുമായി നിർമ്മിക്കുന്ന ജൈവവേലിയുടെ നിർമ്മാണവും പുരോഗമിക്കുന്നു. 3.5 മീറ്റർ ഉയരത്തിൽ ഫെൻസിംഗ് സ്ഥാപിക്കുന്നതിന് 6.62 കോടി രൂപയുടെ കരാറാണ് നൽകിയിട്ടുളളത് .കൊച്ചുപിലാംമൂട്‌, പള്ളിത്തോട്ടം ഉൾപ്പെടെ 2 കിലോമീറ്റർ ദൂരത്തെ ഫെൻസിംഗ് ജോലികൾ പൂർത്തിയായി. ഇരവിപുരം ഭാഗത്തെ ജോലികളാണ് ഇപ്പോൾ നടക്കുന്നത്.