
കൊല്ലം: ജീവിത വിജയത്തിന് പത്രവായന അനിവാര്യമാണെന്ന് കൊല്ലം ഉമാമഹേശ്വര സ്വാമി ക്ഷേത്രം ട്രസ്റ്ര് ചെയർമാൻ സ്വാമിനാഥൻ ശരവണ ഭവൻ പറഞ്ഞു. കൊല്ലം ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസിൽ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അറിവിനൊപ്പം തിരിച്ചറിവ് കൂടി ഉള്ളവർക്കേ ജീവിതത്തിൽ വിജയിക്കാനാകൂ. സ്കൂൾ സിലബസുകൾ വളരെക്കാലം മുൻപേ തയ്യാറാക്കിയവയാണ്. ലോകത്തിലുണ്ടാകുന്ന മാറ്റങ്ങൾ അതിവേഗം മനസിലാക്കാൻ കഴിയണം. അതിന് പത്രവായന അനിവാര്യമാണ്. സ്കൂളുകളിൽ നിശ്ചിത സമയം വാർത്തകൾ ചർച്ച ചെയ്യാനായി മാറ്റിവയ്ക്കണം. മത്സര പരീക്ഷകളിൽ നേട്ടങ്ങൾ സ്വന്തമാക്കാനും മികച്ച തൊഴിൽ ലഭിക്കാനും പത്രവായന ഏറെ ഗുണം ചെയ്യും. വാർത്തകൾക്ക് പുറമേ വിദ്യാർത്ഥികൾക്ക് ഏറെ ഗുണം ചെയ്യുന്ന നിരവധി പംക്തികളുള്ള പത്രമാണ് കേരളകൗമുദിയെന്നും സ്വാമിനാഥൻ ശരവണ ഭവൻ പറഞ്ഞു.
ഉമാമഹേശ്വര സ്വാമി ക്ഷേത്രം പി.ആർ.ഒ രേഖമ്മ, ക്ഷേത്രം ജ്യോതിഷ സ്വർണലത മുണ്ടയ്ക്കൽ എന്നിവർ ചേർന്ന് സ്കൂൾ പ്രിൻസിപ്പൽ ഹെർമോയിൻ പി. മാക്സ്‌വെൽ, ഹെഡ്മിസ്ട്രസ് എം.റസിയാബീവി എന്നിവർക്ക് കേരളകൗമുദി കൈമാറി. ഹെർമോയിൻ പി. മാക്സ്‌വെൽ അദ്ധ്യക്ഷനായി. എസ്.ആർ.ജി കൺവീനർ എസ്.ഫാമില ആശംസ നേർന്നു. ഹെഡ്മിസ്ട്രസ് എം.റസിയാബീവി സ്വാഗതവും അദ്ധ്യാപകനായ എ.ഷാജഹാൻ നന്ദിയും പറഞ്ഞു. കൊല്ലം ഉമാമഹേശ്വര സ്വാമി ക്ഷേത്രം ട്രസ്റ്രാണ് സ്കൂളിലേയ്ക്ക് ആവശ്യമായ കേരളകൗമുദി സ്പോൺസർ ചെയ്തത്.