level-cross
കല്ലുംതാഴം റെയിൽവേ ഗേറ്റ്

കൊല്ലം: കല്ലുംതാഴം- കുറ്റിച്ചിറ റോഡിൽ കല്ലുംതാഴത്ത് റെയിൽവേ മേൽപ്പാലം നിർമ്മിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിന് നേരെ മുഖം തിരിച്ച് അധികൃതർ. പാലം നിർമ്മിക്കുമെന്ന് അടുത്തിടെ വാഗ്ദ്ധാനമുണ്ടായിരുന്നെങ്കിലും തുടർ നടപടികളൊന്നുമുണ്ടായില്ല.

2017-18 വർഷത്തിൽ കിഫ്‌ബി പദ്ധതിയിലുൾപ്പെടുത്തി ടോക്കൺ പ്രൊവിഷൻ അനുവദിച്ച് കല്ലുംതാഴത്ത് മണ്ണുപരിശോധനയടക്കം നടന്നിരുന്നു. ഇരവിപുരം കാവൽപ്പുര മേൽപ്പാല നിർമ്മാണത്തിന് മണ്ണ് പരിശോധന നടന്ന അതെ കാലയളവിൽ തന്നെയാണ് ഇവിടെയും പരിശോധന നടന്നത്. ദിവസേന നൂറോളം വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്. കശുഅണ്ടി ഫാക്ടറി, കൊറ്റങ്കര പഞ്ചായത്ത് ഓഫീസ്, സ്‌കൂളുകൾ തുടങ്ങിയവ പ്രവർത്തിക്കുന്ന ഭാഗത്തേക്കും പേരൂർ, കുറ്റിച്ചിറ എന്നിവിടങ്ങളിലേക്കുമുള്ള പ്രധാനവഴിയിലാണ് റെയിൽവേ ഗേറ്റുള്ളത് എന്നതിനാൽ ഗേറ്റടച്ചിടുമ്പോൾ മിക്കപ്പോഴും വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷമാകാറുണ്ട്. ഇത്തരത്തിൽ നീണ്ടനിരയുണ്ടാകുന്നത് മേവറം ഭാഗത്തേക്കുള്ള ദേശീയപാതയിലും ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്. തുടർനടപടികൾ വേഗത്തിലാക്കി കല്ലുംതാഴത്ത് റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമാക്കണമെന്നതാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

ഹമ്പുകൾ അപകടക്കെണി

 റെയിൽവേ ഗേറ്റിന് ഇരുവശത്തേയും ഹമ്പുകൾക്ക് പുറമെ ദേശീയപാതയിൽ പ്രവേശിക്കുന്നിടത്തും ഹമ്പുകൾ

 ഹമ്പുകൾ സ്ഥാപിച്ചിരിക്കുന്നത് കുത്തനെയുള്ള കയറ്റത്തിൽ

 ഹമ്പുകളുള്ളത് തുടർച്ചയായ എട്ടെണ്ണം എന്ന നിലയിൽ

 ഹമ്പിൽപ്പെട്ട് വാഹനം ഓഫാകുന്നത് നിത്യസംഭവം

 ഇരുചക്രവാഹനക്കാർ വീണ് പരിക്കേൽക്കുന്നു

റെയിൽവേ ഗേറ്റ് അടവിൽ മണിക്കൂറുകളോളം കാത്തുനിൽകേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. ചിലപ്പോൾ രണ്ടിലധികം ട്രെയിനുകൾ കടന്നുപോയതിന് ശേഷം മാത്രമാണ് ഗേറ്റ് തുറക്കാറുള്ളത്. പുനലൂർ പാതയടക്കം മൂന്ന് റെയിൽ പാളങ്ങളാണ് ഇതുവഴിയുള്ളത്

എം. സജീവ്, എസ്.എൻ.ഡി.പി. യോഗം കൊല്ലം യൂണിയൻ കൗൺസിലർ

നൂറോളം യാത്രക്കാരാണ് ഇതുവഴി സഞ്ചരിക്കുന്നത്. മൂന്നോളം റെയിൽവേ പാതകളുള്ളതിനാൽ മിക്ക സമയങ്ങളിലും ഗേറ്റടവായിരിക്കും. വാഹനങ്ങളുടെ നീണ്ടനിര ദേശീയപാതയിലേക്കും നീളാറുണ്ട്

എ. ശ്യാംകുമാർ, കേരളകൗമുദി ഏജന്റ്