
കൊല്ലം: എക്സൈസ് സർക്കിൾ ഓഫീസിന്റെയും വിമുക്തി മിഷന്റെയും നേതൃത്വത്തിൽ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുമായി സഹകരിച്ച് സ്‌കൂൾ കുട്ടികൾക്കായി ഫുട്ബാൾ ടൂർണമെന്റ് നടത്തി. ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെയുള്ള എസ്.പി.സി എഗൈൻസ്റ്റ് അഡിഷൻ കാമ്പയിനിന്റെ ഭാഗമായി കൊല്ലം ടോറസ് ക്ലബ് സ്പോർട്സ് സ്റ്റേഡിയത്തിലായിരുന്നു മത്സരം. കൊല്ലം, കരുനാഗപ്പള്ളി, ചാത്തന്നൂർ സബ് ഡിവിഷനുകളിലെയും കൊല്ലം സിറ്റിയിലെയും 8 എസ്.പി.സി ടീമുകൾ പങ്കെടുത്ത മത്സരത്തിൽ കരുനാഗപ്പള്ളി സബ് ഡിവിഷൻ ജേതാക്കളായി.
സമാപന സമ്മേളനം എസ്.പി.സി അഡി. ഡിസ്ട്രിക്ട് നോഡൽ ഓഫീസർ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. എക്സൈസ് സ്റ്റാഫ് അസോ. സംസ്ഥാന പ്രസിഡന്റ് ടി. സജുകുമാർ അദ്ധ്യക്ഷനായി. എക്സൈസ് ഇൻസ്പെക്ടർ ജി.എ.ശങ്കർ, എസ്.പി.സി അഡീ. നോഡൽ ഓഫീസർ വൈ.സാബു, സി.പി.ഒമാരായ സുരേഷ് ബാബു, ഷെഹിൻ, ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു. പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും വിമുക്തി മെഡൽ സമ്മാനമായി നൽകി. ഓരോ മത്സരവും ആരംഭിക്കുന്നതിന് മുമ്പ് ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ഇടവേളകളിൽ വിമുക്തി ലഘു പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു.