photo
കോട്ടാത്തല തേവർ ചിറ

89 ലക്ഷം രൂപയുടെ പദ്ധതി

കൊല്ലം: മൈലം ഗ്രാമപഞ്ചായത്തിലെ കോട്ടാത്തല തേവർ ചിറയുടെ മുഖശ്രീ തെളിയും, 89 ലക്ഷം രൂപയുടെ പദ്ധതിയൊരുങ്ങുന്നു. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ശ്രമത്തിലാണ് മൈനർ ഇറിഗേഷൻ വകുപ്പ് തയ്യാറാക്കിയ പദ്ധതിയ്ക്ക് തുക അനുവദിച്ചത്. ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചുള്ള നിർമ്മാണം പൂർത്തിയായിട്ടും ചിറ പഴയപടി തകർച്ചയിൽത്തന്നെയാണ്. പ്രദേശത്തുകാർ കുളിക്കാനും തുണി അലക്കാനും കാർഷിക ആവശ്യങ്ങൾക്കുമൊക്കെ ഉപയോഗിച്ചിരുന്ന ചിറ നശിച്ച് നാമാവശേഷമായിട്ട് നാളേറെയായി.കുളിക്കടവുകളും കൽപ്പടവുകളും തകർന്നു. സംരക്ഷണ ഭിത്തികളെല്ലാം ഇടിഞ്ഞുതള്ളി.

പാതിവഴിയിൽ ഉപേക്ഷിച്ച നവീകരണം

വർഷങ്ങൾക്ക് മുൻപ് ചിറ നവീകരണത്തിന് പദ്ധതി തയ്യാറാക്കിയെങ്കിലും ചിറ കീറി വെള്ളം വറ്റിച്ചതോടെ പാതിവഴിയിൽ ഉപേക്ഷിച്ചു. പിന്നീട് ബ്ളോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് രണ്ട് വശങ്ങളിൽ സംരക്ഷണ ഭിത്തികൾ നിർമ്മിച്ചു. അടുത്തിടെ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നാമത്തെ വശവും നിർമ്മിച്ചു. എന്നാൽ ഇത് റോഡിന്റെ അരികുവരെ എത്തിയതുമില്ല. റോഡിനോട് ചേരുന്ന വശം ഇപ്പോഴും ഇടിഞ്ഞുതള്ളിയ നിലയിലാണ്. ഇവയാണ് ഇനി ആദ്യം പുനർ നിർമ്മിക്കേണ്ടത്.

മിനി പാർക്ക് വരും

ബ്ളോക്ക്,​ ജില്ലാ പഞ്ചായത്ത് പദ്ധതികളിൽപ്പെടുത്തി മൂന്ന് വശങ്ങളിൽ കരിങ്കല്ലടുക്കി സംരക്ഷണ ഭിത്തി നിർമ്മിച്ചതൊഴിച്ചാൽ ചിറ ഇപ്പോഴും നാശത്തിലാണ്. മൊത്തത്തിലുള്ള നവീകരണ പ്രവർത്തനങ്ങൾക്കായിട്ടാണ് മൈനർ ഇറിഗേഷൻ വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. അതുകൊണ്ടുതന്നെ സംരക്ഷണ ഭിത്തികളുടെ നിർമ്മാണം പൂർത്തിയാക്കി ചെളിയും മണ്ണും കോരി ചിറ വൃത്തിയാക്കും. കൽപ്പടവുകളും നാലുചുറ്റും കൈവരികളും ലൈറ്റിംഗ് സംവിധാനവും ഒരുക്കും. മിനി പാർക്ക് നിർമ്മിക്കാനുള്ള അനുബന്ധ പദ്ധതിയും യാഥാർത്ഥ്യമാക്കും.

ചരിത്രത്തിന്റെ ഭാഗം

കോട്ടാത്തല ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന്റെയും തണ്ണീർ പന്തൽ ദേവീക്ഷേത്രത്തിന്റെയും ഇടഭാഗത്തായിട്ടാണ് തേവർ ചിറയുള്ളത്. രാജഭരണ കാലത്ത് കൊട്ടാരക്കര ഇളയടത്ത് സ്വരൂപം ഈ ചിറയിൽ മുങ്ങിക്കുളിച്ച ശേഷമാണ് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ എത്തിയിരുന്നത്. പ്രസിദ്ധമായ കടലാമന മഠം വകയായിരുന്നു ക്ഷേത്രവും ചിറയും. മഠത്തിലെ കാരണവരായിരുന്ന നമ്പൂതിരി ശ്രീകൃഷ്ണ ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിനും ചിറ സർക്കാരിനും എഴുതി നൽകുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. വലിയ വിസ്തൃതിയുണ്ടായിരുന്ന ചിറയുടെ നല്ലൊരുഭാഗവും പരിസരവാസികൾ കയ്യേറി. 2010ൽ ചിറയുടെ അതിർത്തി ഭൂമി കയ്യേറുന്നതുമായി ബന്ധപ്പെട്ട തർക്കമുണ്ടായപ്പോൾ ദേവസ്വം തഹസീൽദാരെത്തി അളന്ന് തിട്ടപ്പെടുത്തിയിരുന്നു. എന്നാൽ അപ്പോഴും ചിറയുടെ അവകാശത്തർക്കം നിലനിന്നിരുന്നു.