
കൊല്ലം: പ്രമുഖ മജീഷ്യൻ ഷിജു മനോഹറിന് നാട് ഇന്ന് യാത്രാമൊഴി നൽകും. കൊട്ടിയം വ്യാപാരി ഭവനിൽ രാവിലെ 9 മുതൽ 10.30 വരെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ഇതിന് ശേഷം വസതിയായ കോട്ടാക്കവിളയിലേക്ക് കൊണ്ടുപോകും. 12 ഓടെ ഷിജു മനോഹറിന്റെ ഭൗതികദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് പഠനത്തിന് കൈമാറും.
ശാസ്ത്രപ്രചാരകനും സ്വതന്ത്ര ചിന്തകനുമായിരുന്ന ഷിജു അശാസ്ത്രീയ ചികിത്സാരീതികൾക്കെതിരെ ബോധവത്കരണം നടത്തിയിരുന്നു. കാർഡ് എസ്കേപ്പ് ജാലവിദ്യയിൽ ഷിജുവിനോളം പ്രാവിണ്യം കേരളത്തിൽ മറ്റാർക്കും ഉണ്ടായിരുന്നില്ല. സഹജീവികളെ പോലെ പക്ഷിമൃഗാദികളോടും കരുണയും സ്നേഹവും കാട്ടിയിരുന്നു. അംഗവൈകല്യം ബാധിച്ച ഒരു കാക്കയുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിന് ജാലവിദ്യ ഉപയോഗിച്ചുള്ള പ്രചരണ പരിപാടികൾ നടത്തുന്നതിനിടെയാണ് അകാല വേർപാട്.
രണ്ടാഴ്ച മുൻപ് വീട്ടിൽ കുഴഞ്ഞുവീണ ഷിജു മനോഹർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ചയാണ് അന്ത്യം സംഭവിച്ചത്. കൊട്ടിയം കോട്ടാക്കവിളയിൽ പരേതനായ മനോഹരന്റെയും രമാമണിയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരൻ: ഷിബു മനോഹർ.