
അഞ്ചാലുംമൂട്: ബൈപ്പാസിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരനായ മദ്ധ്യവയസ്‌കൻ മരിച്ചു. ഒപ്പമുണ്ടായിരുന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റു. കടവൂർ കൊയ്പ്പള്ളിയിൽ ജയ ഭവനത്തിൽ സുനിൽകുമാറാണ് (കൊച്ചുകുട്ടൻ, 53) മരിച്ചത്. സുഹൃത്ത് കടവൂർ പുതുവീട്ടിൽ പടിഞ്ഞാറ്റതിൽ സലീംകുമാറിനെ പാലത്തറയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 9.30ന് കടവൂർ പാലത്തിന് സമീപമായിരുന്നു അപകടം. കോട്ടയ്ക്കകത്ത് നിന്ന് സി.കെ.പി ജംഗ്ഷനിലേക്ക് പോകാൻ സ്‌കൂട്ടറിൽ റോഡ് മുറിച്ചുകടക്കവേ കല്ലുംതാഴം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. റോഡിലേയ്ക്ക് തെറിച്ചുവീണ ഇരുവരെയും സ്ഥലത്തുണ്ടായിരുന്ന യാത്രക്കാർ ആംബുലൻസിൽ പാലത്തറയിലെ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും സുനിൽകുമാർ മരിച്ചു. സലീംകുമാർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അഞ്ചാലുംമൂട് പൊലീസ് മേൽ നടപടി സ്വീകരിച്ചു. സുനിൽ കുമാറിന്റെ സംസ്‌കാരം നടത്തി. ഭാര്യ: ബിന്ദു. മക്കൾ: രേവതി, ദേവു.