 
കൊല്ലം: മലയാള മണ്ണിൽ എ പ്ളസ് നേടിയ യു.പിക്കാരൻ കുൽദീപ് യാഥവിന് സ്വന്തംവീടൊരുക്കാൻ നഗരസഭ ചെയർമാന്റെ സഹായമായി ഒരു ലക്ഷം. ഇന്നലെ നെടുവത്തൂർ ഈശ്വരവിലാസം സ്കൂളിൽ നടന്ന ചടങ്ങിൽ ചെയർമാൻ എ.ഷാജു ചെക്ക് കുൽദീപിന്റെ പിതാവ് രാം കരണിന് കൈമാറി. ഗോരഖ് പൂർ സ്വദേശി രാം കരൺ- സബിത ദമ്പതികളുടെ മകനായ കുൽദീപ് കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയ്ക്കാണ് എല്ലാ വിഷയത്തിനും എ പ്ളസ് നേടിയത്. ' യു.പിക്കാരന് എ പ്ളസ് തിളക്കം' എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. 15 വർഷം മുൻപ് നിർമ്മാണ ജോലിക്കായി എത്തുകയും നെടുവത്തൂർ ചാലൂക്കോണം കശുഅണ്ടി ഫാക്ടറിക്ക് സമീപം പഴയൊരു വീട്ടിൽ വാടക വീട്ടിലെ താമസക്കാരാണെന്നതടക്കമുള്ള വിശേഷങ്ങൾ വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് നഗരസഭ ചെയർമാൻ കുൽദീപിനെ അനുമോദിക്കാനെത്തിയപ്പോൾ വീടൊരുക്കാനുള്ള ഭൂമി വാങ്ങാൻ തുക നൽകാമെന്ന് അറിയിച്ചത്. നെടുവത്തൂർ സ്കൂളിൽത്തന്നെ പ്ളസ് വൺ വിദ്യാർത്ഥിയാണ് ഇപ്പോൾ കുൽദീപ്.