photo
വൃത്തിഹീനമായ കല്ലുംതാഴത്തെ മാക്രിയില്ലാക്കുളം

കൊല്ലം: നവീകരണത്തിന് ലക്ഷങ്ങൾ ചെലവിട്ടത് വെറുതെ, കൊല്ലം കല്ലുംതാഴം കണിച്ചുകുളങ്ങരയിലെ മാക്രിയില്ലാകുളം വീണ്ടും നാശമായി. പുനർനിർമ്മിച്ച കൽക്കെട്ടുൾപ്പടെ ഇടിഞ്ഞുതള്ളി. പ്ളാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞും പായൽ മൂടിയും കുളം തീർത്തും ഉപയോഗശൂന്യമായി. നാടിന് മുഴുവൻ പ്രയോജനപ്പെടേണ്ട കുളം ഇപ്പോൾ വലിയ ശാപമായി മാറിയിരിക്കുകയാണ്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചിട്ടും കുളത്തിന്റെ സംരക്ഷണത്തിനായി ഫലപ്രദമായ നവീകരണപ്രവർത്തനങ്ങൾ ഇതുവരെ നടന്നിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. കോർപ്പറേഷന്റെ കോളേജ് ഡിവിഷന്റെ പരിധിയിലുള്ള മാക്രിയില്ലാക്കുളം, ജലക്ഷാമം രൂക്ഷമായ പ്രദേശത്ത് വേനൽക്കാലത്ത് നാട്ടുകാർക്ക് വലിയ ആശ്വാസമായിരുന്നു. വർഷങ്ങൾക്ക് മുമ്പ് നാട്ടിലെ പ്രധാന നീന്തൽക്കുളവുമായിരുന്നു ഇത്.

വേനലെത്തുംമുമ്പേ....

വേനൽക്കാലത്ത് മാത്രമല്ല, എല്ലാകാലത്തും നാട്ടുകാർക്ക് അനുഗ്രഹമായിരുന്നു മാക്രിയില്ലാക്കുളം. അലക്കാനും കുളിക്കാനുമടക്കം ഉപയോഗിച്ചിരുന്നു. എന്നാൽ, കുളത്തിലെ തുള്ളിവെള്ളം പോലും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണിപ്പോൾ. പ്ളാസ്റ്റിക് കുപ്പികളും മാലിന്യവും പായലും നിറഞ്ഞു. വേനൽക്കാലത്തിന് മുമ്പേ കുളം വൃത്തിയാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.