farm

കൊല്ലം: ജില്ലയിൽ രണ്ട് കോടി രൂപ ചെലവിൽ 500 ഏക്കറിൽ തുള്ളിനന കൃഷി നടത്താൻ കൃഷി വകുപ്പിന്റെ അനുമതി. 250 ഏക്കറിൽ വാഴയും ബാക്കിയിടത്ത് പച്ചക്കറി കൃഷിയുമാണ് നടത്തുക.

വർഷങ്ങളായി പാലക്കാട് ജില്ലയിലെ പെരുമാടി പോലുള്ള സ്ഥലങ്ങളിൽ വിജയകരമായി ചെയ്തുവരുന്ന കൃത്യതാ കൃഷി രീതിയാണ് തുള്ളിനന കൃഷി. ജലസേചനത്തിന് പരിമിത സൗകര്യമുള്ള പ്രദേശങ്ങളിൽ കൃത്യതാകൃഷി അനുയോജ്യമാണ്. വരൾച്ച രൂക്ഷമായ ജില്ലയിലെ മലയോര മേഖലയിൽ ഇത്തരം കൃഷി ഏറെ പ്രയോജനപ്പെടും.

വിളകളുടെ വേരുകളിൽ മാത്രം കുറേശെയായി ജലസേചനം ലഭിക്കും വിധം ഡ്രിപ്പ് ഇറിഗേഷൻ സംവിധാനത്തോട് കൂടിയുള്ളതാണ് കൃഷി രാതി. കൃഷിയിടം ഒരുക്കിയാൽ വാഴയാണെങ്കിൽ രണ്ടര മീറ്റർ അകലത്തിലും പച്ചക്കറിയാണെങ്കിൽ അരമീറ്റർ അകലത്തിലും ഡ്രിപ്പുകൾ സ്ഥാപിക്കും. ഇതിന് ശേഷം കൃഷിയിടത്തിൽ പ്ളാസ്റ്റിക് പുതയിടും. പുത കട്ട് ചെയ്താണ് തൈകൾ നടുന്നത്. ഡ്രിപ്പ് ഇറിഗേഷൻ സംവിധാനത്തിലൂടെയാണ് വളപ്രയോഗം. ചെടിക്കാവശ്യമായ എല്ലാ പോഷകങ്ങളും വെള്ളത്തിൽ ലയിപ്പിച്ച് ജലചേനത്തോടൊപ്പം നൽകുന്ന ഫെർട്ടിഗേഷൻ സംവിധാനമാവും ഒരുക്കുക.

ഒരു ഏക്കർ കൃഷിക്ക് ചെലവ് ₹ 1ലക്ഷം

സർക്കാർ സബ് സിഡി ₹ 40,000

മെച്ചം

 പുതയിടുന്നതിലൂടെ കള നിയന്ത്രിക്കാം

 ഫെർട്ടിഗേഷനിലൂടെ കൃത്യമായ വളപ്രയോഗം

 അധിക കൂലിച്ചെലവ് ഒഴിവാകും

 സാധാരണയേക്കാൾ ഇരട്ടി വിളവ്

 സംസ്ഥാനത്ത് 9 ജില്ലകളിൽ പദ്ധതി നടപ്പാക്കും

താത്പര്യമുള്ള കർഷകർ കൃഷിഭവനിൽ അപേക്ഷ നൽകണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനം നൽകും.

എ.ജെ.സുനിൽ

ഹോർട്ടി കൾച്ചർ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ