കൊല്ലം: അച്ഛനെന്താ അമ്മേ എന്നെ എടുക്കാത്തത്... കൊഞ്ചലോടെ മൂന്ന് വയസുകാരി ആര്യമിത്ര ചോദിക്കുമ്പോൾ, അഞ്ജലിയുടെയും രാജേഷിന്റെയും നെഞ്ച് വിതുമ്പും. മകളെയെടുത്ത് കൊഞ്ചിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും പ്രാഥമികാവശ്യങ്ങൾക്ക് പോലും പരസഹായമില്ലാതെ പൂയപ്പള്ളി കാറ്റാടി ഓട്ടുമല സരിത ഭവനിൽ രാജേഷിന് (34) എഴുന്നേൽക്കാനാവില്ല.

കൊല്ലത്ത് നിന്ന് ആലപ്പുഴയിലേക്ക് പാചകവാതക ലോറിയുമായി പോകുന്നതിനിടെ 2020 ഏപ്രിൽ 14ന് ആലപ്പുഴ ഇരുമ്പ് പാലത്തിന് സമീപം മറ്റൊരു പാചക വാതക ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ രാജേഷിന്റെ ഇരുകാലിലെയും കണങ്കാലിന് താഴോട്ട് കാൽപാദം പൂർണമായി മുറിച്ചുനീക്കേണ്ടിവന്നു.

സ്റ്റിയറിംഗ് വയറ്റിൽ ഇടിച്ചുകയറിയതിനെ തുടർന്ന് ചെറുകുടലിന്റെ ഒരു ഭാഗം നീക്കം ചെയ്തു. വലതു കൈയിൽ മുട്ടിന് താഴോക്ക് സ്റ്റീൽ ഇട്ടിരിക്കുന്നതിനാൽ സ്വാധീനക്കുറവുമുണ്ട്. ജോലിക്ക് പോകാൻ കഴിയാതെ അഞ്ജലി എപ്പോഴും കൂടെത്തന്നെയുണ്ട്.

അഞ്ജലിയുടെ മാതാപിതാക്കളുടെ തുശ്ചമായ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. ആകെയുള്ള വീടും സ്ഥലവും ജപ്തി ഭീഷണിയിലാണ്. സുഹൃത്തുക്കൾ ഇടയ്ക്ക് ചെറിയ സഹായങ്ങൾ നൽകും. വെപ്പുകാൽ വയ്ക്കാൻ സാധിച്ചാൽ നടക്കാനും ചെറിയ ജോലികൾ ചെയ്യാനും സാധിക്കും. ഇതിനും മറ്റ് ചെലവുകൾക്കുമായി 8 ലക്ഷത്തോളം രൂപ കണ്ടെത്തണം. സുമനസുകൾ കൈ പിടിച്ചാൽ രാജേഷിന് വീണ്ടും ജീവിതത്തിലേയ്ക്ക് നടന്നുതുടങ്ങാം. ഫെഡറൽ ബാങ്കിന്റെ ഓയൂർ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു. നമ്പർ: 10840100322202. ഐ.എഫ്.എസ്.സി കോഡ്: എഫ്.ഡി.ആർ.എൽ 0001084. ഫോൺ: 7012855181.