കൊല്ലം: കാമ്പസുകളിൽ ഏക സംഘടനാവാദം എസ്.എഫ്.ഐ അവസാനിപ്പിക്കണമെന്നും ജനാധിപത്യപരമായി പെരുമാറാൻ തയ്യാറാകണമെന്നും എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് അനന്തു.എസ്.പോച്ചയിൽ, സെക്രട്ടറി എ.അദിൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

കൊല്ലം എസ്.എൻ കോളേജിൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിച്ച വിദ്യാർത്ഥികളെ എസ്.എഫ്.ഐ പ്രവർത്തകർ ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. 15 ക്ലാസുകളിൽ എ.ഐ.എസ്.എഫ് വിജയിച്ചതിൽ വിറളി പൂണ്ടാണ് ഇന്നലെ അക്രമം അഴിച്ചുവിട്ടത്. തുല്യ വോട്ടുകൾ ലഭിച്ച ചില ക്ലാസുകളിൽ ടോസിട്ടാണ് എസ്.എഫ്.ഐ വിജയിച്ചത്. കോളേജിലെ വലിയൊരു വിഭാഗം വിദ്യാർത്ഥികൾ എ.ഐ.എസ്.എഫിനൊപ്പം ചേർന്നതാണ് അക്രമത്തിന് കാരണം.

അക്രമം അവസാനിപ്പിച്ച് വിദ്യാർത്ഥികൾക്ക് ഭയമില്ലാതെ പഠിക്കാനുള്ള സാഹചര്യം കാമ്പസുകളിൽ ഉണ്ടാകണമെന്ന് എ.ഐ.എസ്.എഫ് ഭാരവാഹികൾ ആവശ്യപ്പെട്ടു.