കരുനാഗപ്പള്ളി: പണം അനുവദിച്ച് 2 വർഷം പിന്നിട്ടിട്ടും കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ - നവരശ്മി റോഡിന്റെ നവീകരണം തുടങ്ങാൻ ഇനിയും കഴിഞ്ഞിട്ടില്ല. റോഡിന്റെ നവീകരണത്തിന് റെയിവേ അധികൃതരുടെ അനുവാദം ലഭിക്കാത്തതാണ് കാരണം. റെയിൽവേയുടെ ഭൂമിയിലൂടെയാണ് റോഡ് കടന്ന് പോകുന്നത്. എ.എം.ആരിഫ് എം.പിയുടെ ഫണ്ടിൽ നിന്നാണ് റെയിൽവേ സ്റ്റേഷൻ റോഡിന്റെ നവീകരണത്തിന് 10 ലക്ഷം അനുവദിച്ചത്.
യാത്രക്കാരുടെ എളുപ്പമാർഗം
റെയിൽവേ സ്റ്റേഷനിൽ നിന്ന് വടക്കോട്ട് 300 മീറ്റർ ദൈർഘ്യമാണ് റോഡിനുള്ളത്. ഓച്ചിറ, ക്ലാപ്പന, ശൂരനാട്, കുലശേഖരപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് റെയിൽവേ സ്റ്റേഷനിൽ എത്താനുള്ള എളുപ്പമാർഗമാണ് ഈ റോഡ്. കരുനാഗപ്പള്ളി ടൗൺ വഴി വന്നാൽ യാത്രക്കാർക്ക് 3 കിലോമീറ്റർ അധികം സഞ്ചരിക്കേണ്ടി വരും. നൂറുകണക്കിന് യാത്രക്കാരാണ് ഇതുവഴി റെയിൽവേ സ്റ്റേഷനിൽ എത്തുന്നത്. 4 വർഷം മുമ്പാണ് അവസാനമായി റോഡിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
കുണ്ടും കുഴിയും പൊന്തക്കാടും
നിലവിൽ റോഡ് മെറ്റലും ടാറും ഇളകി കുണ്ടും കുഴിയുമായി കിടക്കുകയാണ്. മഴ ആരംഭിച്ചാൽ റോഡ് പൂർണമായും വെള്ളക്കെട്ടായി മാറും. രാത്രികാലങ്ങളിൽ ഇതുവഴിയുള്ള യാത്ര ദുഷ്ക്കരമാണ്. റോഡിന്റെ ഇരുവശങ്ങളിലും വളർന്ന് നിൽക്കുന്ന പുൽക്കാടുകളാണ് യാത്രാർക്ക് വിനയാകുന്നത്. റെയിൽവേ സ്റ്റേഷൻ മുതൽ വടക്കോട്ട് നവരശ്മി ആർട്ട്സ് ക്ലബ് വരെ റോഡിന്റെ ഇരുവശങ്ങളിലും പൊന്തക്കാടുകൾ വളർന്ന് നിൽക്കുകയാണ്. ഇവിടം വിഷപ്പാമ്പുകളുടെ ആവാസ കേന്ദ്രം കൂടിയാണ്.
റെയിൽവേ അധികൃതർ സമ്മതം മൂളിയാൽ റോഡിന്റെ
നവീകരണം ഉടൻ ആരംഭിക്കാൻ കഴിയും. പൊന്തക്കാടുകളും വെള്ളക്കെട്ടുമെല്ലാം നീക്കം ചെയ്യാനാകും.
റെയിൽവേ ആക്ഷൻ കൗൺസിൽ