കൊല്ലം: ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിക്കാൻ കുഴിച്ചിട്ട ക്യു.എ.സി റോഡിലൂടെയുള്ള യാത്ര ദുഷ്കരമായി തന്നെ തുടരുന്നു.
റോഡിലെ കുഴി നികത്തി മെറ്റലിട്ട് ഉറപ്പിച്ചെങ്കിലും ടാറിംഗ് നടത്താത്തതാണ് ദുഷ്ക്കര യാത്രയ്ക്ക് കാരണം. റോഡിന്റെ മദ്ധ്യഭാഗം കുഴിച്ച് പൈപ്പ് സ്ഥാപിച്ചിട്ട് വർഷം രണ്ട് കഴിഞ്ഞെങ്കിലും ആറു മാസം മുമ്പാണ് മെറ്റലിട്ട് അത് നികത്തിയത്. കുഴിയിൽ മഴവെളളം കെട്ടി നിൽക്കാൻ തുടങ്ങിയതോടെ മെറ്റൽ ഇളകി വാഹനയാത്ര ദുസഹമായി. വേനക്കാലമായതോടെ റോഡിലെ പൊടിശല്യവും രൂക്ഷമായി.
നഗരത്തിലെ പ്രധാനപ്പെട്ട പാതകളിലൊന്നാണ് ക്യു.എ.സി റോഡ്. ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയം, റെയിൽവേ സ്റ്റേഷൻ, എസ്. എൻ. കോളേജ്, ഫാത്തിമ മാതാകോളേജ്, കോർപ്പറേഷൻ ഓഫീസ്, പൊലീസ് ക്യാമ്പ് തുടങ്ങിയ പ്രധാനപ്പെട്ട സ്ഥാപനങ്ങളിലെത്തുന്നവർ ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. അടുത്തിടെ നടന്ന അഗ്‌നിവീർ റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കാൻ വിവിധ ജില്ലകളിൽ നിന്നായി നൂറുകണക്കിന് യുവാക്കൾ ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലെത്തിയതും ഇതുവഴിയായിരുന്നു.
റവന്യൂ ജില്ലാസ്കൂൾ കായിക മേള നടന്നതും ഈ റോഡിനോട് ചേർന്നുളള സ്റ്റേഡിയത്തിലായിരുന്നു.
..........................................
ദൂരം: 750 മീറ്റർ
മഴയത്ത് ചെളിക്കുണ്ട്
വേനലിൽ പൊടിശല്യം
..............................................................
റോഡ് അടിയന്തരമായി ടാർ ചെയ്ത് ഗതാഗതം സുഗമമാക്കണം.
പൊടിശല്യം കാരണമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കണം
റോഡിലെ വ്യാപാരികൾ