കൊല്ലം: ജില്ലാ ആയുർവേദ ആശുപത്രിക്കെന്ന പോലെ ഹോമിയോ ആശുപത്രിക്കും മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ. ഹോമിയോ ആശുപത്രിയിൽ നടപ്പാക്കിയ നവീകരണ പ്രവർത്തനങ്ങളുടെയും പുതുതായി പണികഴിപ്പിച്ച കോൺഫറൻസ് ഹാളിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 40 ലക്ഷം രൂപയാണ് ആകെ ചെലവ്. തൈറോയ്ഡ് ചികിത്സ, പെയിൻ ആൻഡ് പാലിയേറ്റീവ്, അലർജി ക്ലിനിക്ക്, കരൾ രോഗ ക്ലിനിക് മുതലായവ നിലവിൽ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്. മറ്റു രോഗങ്ങൾക്കുള്ള ചികിത്സാ ക്ലിനിക്കുകളും വരും സാമ്പത്തിക വർഷങ്ങളിലെ പ്രോജക്ടുകളിൽ ഉൾപ്പെടുത്തുമെന്ന് പ്രസിഡന്റ് പറഞ്ഞു.
വൈസ് പ്രസിഡന്റ് വി.സുമലാൽ അദ്ധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. പി.കെ.ഗോപൻ സ്വാഗതം പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ അനിൽ.എസ്.കല്ലേലിഭാഗം, വസന്ത രമേശ്‌ ജില്ലാ പഞ്ചായത്ത് അംഗം ബി.ജയന്തി, സെക്രട്ടറി ബിനുൻ വാഹിദ്, ജില്ലാ മെഡിക്കൽ ഓഫീസർ സി.എസ്.പ്രദീപ്, ആശുപത്രി സൂപ്രണ്ട് ഡോ. എൽ.ബി.ശ്രീലത, ആർ.എം.ഒ ഡോ. രിഷ്മ, എച്ച്.എം.സി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.