
കൊല്ലം: തെരുവിലലഞ്ഞ ബാല്യം നടന്നുതീർത്ത് ജനമൈത്രി പൊലീസിന്റെ തണലിൽ യുവാവിന് സ്വന്തമായൊരു കൂരയൊരുങ്ങി. വെളിനല്ലൂർ പെരപ്പയം സ്വദേശി അനന്തുവിനാണ് സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ ഡി.ശ്രീകുമാറിന്റെ നേതൃത്വത്തിൽ വീട് നിർമ്മിച്ച് നൽകിയത്.
നാടുവിട്ടുപോയ അമ്മയും സുഖമില്ലാത്ത അച്ഛനും ഉണ്ടായിരുന്നെങ്കിലും തെരുവിലലയാനായിരുന്നു അനന്തുവിന്റെ വിധി. ഇതിനിടെ കുറച്ചുകാലം ചിൽഡ്രൻസ് ഹോമിലും കഴിഞ്ഞു. ലോക്ക് ഡൗൺ കാലത്ത് കൊല്ലം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ അന്തേവാസിയായി എത്തുമ്പോഴാണ് അനന്തുവിനെ ശ്രീകുമാർ കാണുന്നത്.
ഇവിടെയുണ്ടായിരുന്ന മറ്റ് അഞ്ചുപേർക്കൊപ്പം അനന്തുവിനെയും ശ്രീകുമാറിന്റെ നിയന്ത്രണത്തിലുള്ള നീണ്ടകര മദർഹുഡ് ചാരിറ്റി സെന്ററിലേക്ക് മാറ്റി. തുടർന്ന് വെൽഡിംഗ്, ഡ്രൈവിംഗ്, പെയിന്റിംഗ് ജോലികൾ പഠിപ്പിച്ചു.
ഇതിനിടെ വിളക്കുടിയിലെ ആശ്രയ കേന്ദ്രത്തിലുണ്ടായിരുന്ന അനന്തുവിന്റെ അമ്മയുടെ മരണാനന്തര ചടങ്ങുകൾക്കും ശ്രീകുമാറിന് സാക്ഷിയാകേണ്ടിവന്നു. അച്ഛനെ പെരപ്പയത്ത് സഹോദരിക്കൊപ്പം കണ്ടെത്തിയതോടെ അച്ഛനൊപ്പം താമസിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അച്ഛന്റെ സഹോദരൻ അഞ്ച് സെന്റ് സ്ഥലം നൽകിയതോടെ അവിടെ വീട് വയ്ക്കാനുള്ള ശ്രമം ശ്രീകുമാർ ആരംഭിച്ചു. ശമ്പളത്തിൽ നിന്ന് മിച്ചം പിടിച്ചും പി.എഫ് ലോണും സംഘടിപ്പിച്ച് നിർമ്മാണം ആരംഭിച്ചു. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനും ശിശുക്ഷേമ സമിതി ചെയർമാൻ സനൽ വെള്ളിമണും ഒപ്പം കൂടിയപ്പോൾ അനന്തുവിന് സ്വപ്നവീടൊരുങ്ങി.
വീടൊരുക്കാൻ 100 ദിനം
മദർഹുഡ് അന്തേവാസികളായ അഞ്ചുപേരും മറ്റ് തൊഴിലാളികളും ചേർന്ന് 100 ദിവസം കൊണ്ടാണ് വീട് പൂർത്തീകരിച്ചത്. ഗൃഹപ്രവേശന ചടങ്ങിൽ മന്ത്രി ജെ. ചിഞ്ചുറാണി, കവി കുരീപ്പുഴ ശ്രീകുമാർ തുടങ്ങിയ പ്രമുഖരുമെത്തി. അനന്തുവിനോപ്പം ഭക്ഷണം കഴിച്ച ശേഷമാണ് മന്ത്രി പിരിഞ്ഞത്.
ജനമൈത്രി പൊലീസ് സമ്പ്രദായം നടപ്പാക്കിയത് മുതൽ വിവിധ പദ്ധതികളിലൂടെ ശ്രദ്ധേയനാണ് ശ്രീകുമാർ. ചാരിറ്റി പ്രവർത്തനം നടത്തുന്നുണ്ടെങ്കിലും സംഭാവനകൾ സ്വീകരിക്കാറില്ല. മേലുദ്യോഗസഥരുടെയും സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും പിന്തുണയാണ് ശക്തി.
കുരീപ്പുഴ ശ്രീകുമാർ, കവി