തഴവ: മേലുദ്യോഗസ്ഥന്റെ നിരന്തര പീഡനശ്രമം കാരണം ജോലിക്കെത്താൻ ഭയന്ന് അദ്ധ്യാപിക. കരുനാഗപ്പള്ളി ബി.ആർ.സി ബ്ലോക്ക് പ്രോഗാം കോ- ഓഡിനേറ്ററിൽ നിന്നുള്ള മോശം പെരുമാറ്റം കാരണം സംസ്ഥാന തലത്തിൽ മികവ് തെളിയിച്ച താത്കാലിക അദ്ധ്യാപികയാണ് അവധിയിൽ പ്രവേശിച്ചത്.
ദുരനുഭവങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും വകുപ്പ് അധികൃതർക്കും അദ്ധ്യാപിക പരാതി നൽകി. ബി.ആർ.സിയിൽ നിന്ന് പഠനയാത്ര പോകുന്നതിനിടയിലാണ് അദ്ധ്യാപികയ്ക്ക് നേരേ പീഡനശ്രമം ഉണ്ടായത്. വാഹനത്തിൽ തനിച്ചിരിക്കുകയായിരുന്ന സമയത്ത് ദുരുദ്ദേശത്തോടെ ബ്ലോക്ക് പ്രോഗ്രാം കോ - ഓഡിനേറ്റർ അടുത്തെത്തി, കൈയിൽ കടന്നുപിടിച്ച് അനാശാസ്യത്തിന് പ്രേരിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു.
പരാതി നൽകിയതോടെ പ്രോഗ്രാം കോ - ഓഡിനേറ്റർ അദ്ധ്യാപികയെ നിരന്തരം ഭീഷണിപ്പെടുത്തി തുടങ്ങി. ഇതോടെ കഴിഞ്ഞ മൂന്ന് മാസമായി അവധിയിലാണ്. ഇതേ ഉദ്യാഗസ്ഥന് നേരേ മുൻപും സമാനമായ ആരോപണം ഉയർന്നിട്ടുണ്ട്. ഇതിനിടെ പരാതി ഒത്തുതീർപ്പാക്കാനും ചില നീക്കങ്ങളുണ്ടായി. കരുനാഗപ്പള്ളി ബി.ആർ.സിയിലെ 46 ജീവനക്കാരിൽ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. ഇവിടെ വനിത കോ - ഓഡിനേറ്ററെ നിയമിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യവും അധികൃതർ അവഗണിക്കുകയാണ്.
ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി സ്വന്തം നിലയിൽ സന്നദ്ധ സംഘടന നടത്തിവരുന്ന അദ്ധ്യാപിക വിവിധ പ്രായക്കാരായ ഇരുപത് കുട്ടികളെ പരിപാലിക്കുന്നുണ്ട്. ശ്രദ്ധേയായ ഗായിക കൂടിയാണ് അദ്ധ്യാപിക.
അനധികൃതമായി അവധി സമ്പാദിക്കാനുള്ള ശ്രമം തടഞ്ഞതിലുള്ള വിദ്വേഷമാണ് പരാതിക്ക് കാരണം. പരാതിയിൽ പറയുന്ന ആരോപണങ്ങൾ കെട്ടിച്ചമച്ചതാണ്.
ബി.പി.സി, കരുനാഗപ്പള്ളി