കൊല്ലം: ലിങ്ക് റോഡ് ഓലയിൽക്കടവിൽ നിന്ന് തോപ്പിൽക്കടവിലേക്ക് നീട്ടുന്ന നാലാംഘട്ട പദ്ധതിക്കെതിരെ വീണ്ടും വിദഗ്ദ്ധ പരിശോധനാ റിപ്പോർട്ട്. പുതിയ പാലത്തിന് അടിയിലൂടെ കടന്നുപോകുന്ന പുതിയ പാലത്തിന് ജലോപരിതലവുമായി ആവശ്യമായ അകലമില്ലെന്ന് നേരത്തെ ചൂണ്ടിക്കാട്ടിയ കാര്യം ആവർത്തിച്ചുള്ള റിപ്പോർട്ടാണ് വിദഗ്ധ പരിശോധനയ്ക്ക് നിയോഗിച്ച സെന്റർ ഫോർ മാനേജ്മെന്റ് ആൻഡ് ഡെവലപ്പ്മെന്റ് കിഫ്ബിക്ക് നൽകിയിരിക്കുന്നത്.
തേവള്ളി പാലവുമായി അഞ്ചര മീറ്ററും അഷ്ടമുടിക്കായലിലെ ശരാശരി ജലവിതാനവുമായി 30 സെന്റീമീറ്ററും അകലം വരുന്ന തരത്തിലുള്ള രൂപരേഖയാണ് ലിങ്ക് റോഡ് നാലാംഘട്ടത്തിനായി നിർവഹണ ഏജൻസിയായ കേരള റോഡ് ഫണ്ട് ബോർഡ് തയ്യാറാക്കിയിരിക്കുന്നത്. തേവള്ളി പാലവും ജലോപരിതലവുമായുള്ള ഈ അകലം പോരെന്ന് നേരത്തെ കിഫ്ബി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടർന്ന് കെ.ആർ.എഫ്.ബി തേവള്ളി പാലവും പുതിയ പാലവും തമ്മിൽ 5.7 മീറ്റർ അകലമുണ്ടാകുമെന്ന റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, പ്രളയം അടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ജലനിരപ്പ് 30 സെന്റീ മീറ്ററലധികം ഉയർന്ന് പാലം മുങ്ങാൻ സാദ്ധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ടിൽ പറയുന്നത്. കായലിന് മുകളിലൂടെയുള്ള നിർമ്മാണമായതിനാൽ തീരദേശ പരിപാലന അതോറിട്ടിയിൽ നിന്നും അനുമതി ലഭിക്കുമോയെന്ന ആശങ്കയും ചൂണ്ടിക്കാട്ടിയിട്ടുള്ള റിപ്പോർട്ടിൽ കെ.ആർ.എഫ്.ബി ഇതിനുള്ള പരിഹാരം നിർദ്ദേശിക്കണമെന്നും പറയുന്നു.
ലിങ്ക് റോഡ് പ്രശ്നത്തിന് പരിഹാരം കാണാൻ കിഫ്ബി, കെ.ആർ.എഫ്.ബിക്ക് കൈമാറിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ കൊല്ലം എം.എൽ.എ, കിഫ്ബി, കെ.ആർ.എഫ്.ബി, അധികൃതർ എന്നിവർ പങ്കെടുത്ത് വൈകാതെ ചേരുന്ന യോഗത്തിൽ പുതിയ റിപ്പോർട്ടും പരിഗണിക്കും. ചൂണ്ടിക്കാട്ടിയിട്ടുള്ള പ്രശ്നങ്ങൾക്ക് കെ.ആർ.എഫ്.ബി കൃത്യമായ പരിഹാരവും മറുപടിയും നൽകിയാൽ നാലാംഘട്ടത്തിന് കിഫ്ബി അനുമതി നൽകും.