കൊല്ലം: ജൽജീവൻ പദ്ധതിയിൽ ഗ്രാമീണ മേഖലയിൽ രണ്ടുലക്ഷം ഗാർഹിക കുടിവെള്ള കണക്ഷനുകൾ നൽകിയെങ്കിലും വേനലെത്തും മുമ്പേ വിതരണം പ്രതിസന്ധിയിലായി.
ലഭിക്കുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. വേനലാകുന്നതോടെ ലഭ്യത വീണ്ടും കുറയും. ജലലഭ്യത ഉറപ്പാക്കാതെ കൂടുതൽ കണക്ഷനുകൾ നൽകിയതാണ് പദ്ധതി പാളാൻ കാരണം.

പദ്ധതിയുടെ ഭാഗമായി പുതിയ കിണറുകളും ടാങ്കുകളും സ്ഥാപിച്ച് വെള്ളം സംഭരിക്കാനുള്ള നടപടികൾ ഒന്നുമായില്ല. നിലവിൽ ശാസ്താംകോട്ട പദ്ധതിയിൽ നിന്നാണ് കൊല്ലം നഗരത്തിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളം എത്തിക്കുന്നത്.

ശാസ്താംകോട്ട കായലിലെ വെള്ളത്തിന്റെ ലഭ്യത ഓരോവർഷവും കുറഞ്ഞുവരികയാണ്. ഇത് കഴിഞ്ഞ വർഷങ്ങളിൽ വേനൽകാലത്ത് കുടിവെള്ള വിതരണത്തെ ബാധിച്ചിരുന്നു. പ്രതിസന്ധി മറികടക്കാൻ കല്ലട പദ്ധതിൽ നിന്നുള്ള വെള്ളത്തെയാണ് ആശ്രയിച്ചത്.

കൊല്ലം നഗരത്തിൽ പൂർണമായി കുടിവെള്ള ലഭ്യത ഉറപ്പാക്കാനാണ് ഞാങ്കടവ് പദ്ധതി ആവിഷ്കരിച്ചത്. 2018ൽ ആരംഭിച്ച പദ്ധതി ഇക്കൊല്ലം ഡിസംബർ 31ന് മുമ്പ് പൂർത്തിയാക്കുകയാണ് ലക്ഷ്യമിട്ടതെങ്കിലും ഒരു വർഷം കൂടി നീണ്ടുപോകും.

ഞാങ്കടവ് പദ്ധതിയിലെ വെള്ളം നഗരാവശ്യത്തിന് ഉപയോഗിക്കുകയും ശാസ്താംകോട്ടയിലെ വെള്ളം പൂർണമായി ഗ്രാമീണ മേഖലകൾക്ക് വീട്ടുകൊടുക്കുകയുമായിരുന്നു ലക്ഷ്യമെങ്കിലും ഉടനെയൊന്നും ഇത് സാദ്ധ്യമാകാനിടയില്ല.

ഗ്രാമീണ മേഖല കേന്ദ്രീകരിച്ചുള്ള പദ്ധതികൾ മിക്കതും വേനൽകാത്ത് ജലസ്രോതസ് ഇല്ലാതെ പ്രതിസന്ധിയിലാകുന്നതാണ് പതിവ് കാഴ്ച. അടുത്ത കാലങ്ങളിലായി ഡിസംബർ മുതൽ മേയ് വരെ കാലം തെറ്റി പെയ്ത മഴ കുടിവെള്ള ക്ഷാമത്തിന്റെ രൂക്ഷത കുറച്ചിരുന്നു.

എന്നാൽ ഇക്കുറി കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വേനൽ കടുത്താൽ ജലക്ഷാമം രൂക്ഷമാക്കും. ജില്ലയിൽ ഇക്കൊല്ലം മഴ കുറവായിരുന്നതും ആശങ്കപ്പെടുത്തുകയാണ്.

ഗ്രാമീണ മേഖലയിലെ വീടുകൾ - 6,16,337

കണക്ഷൻ നേരത്തെ ലഭ്യമായിരുന്നത് - 1,47,779

പദ്ധതിയിൽ പുതിയ കരാർ - 4,30,290

നൽകിയ കണക്ഷൻ - 2,07,579

കരാർ തുക - ₹ 1840.74 കോടി

ജൽജീവൻ പദ്ധതിയിൽ 2024ന് മുമ്പ് എല്ലാ വീടുകളിലും പൈപ്പ് ലൈൻ കണക്ഷൻ നൽകുകയാണ് ലക്ഷ്യം.

ജൽജീവൻ പദ്ധതി അധികൃതർ