കരുനാഗപ്പള്ളി: വർഷങ്ങളായി തകർന്ന് കിടന്ന കരോട്ട്മുക്ക് - എസ്.വി മാർക്കറ്റ് റോഡിലെ അപകടങ്ങൾക്ക് അറുതിയാകുന്നു. റോഡിലെ കുഴികൾ പൊതുമരാമത്ത് അടച്ച് തുടങ്ങിയതാണ് യാത്രക്കാർക്ക് ആശ്വാസമായത്. റോഡിന്റെ ശോച്യാവസ്ഥയെ കുറിച്ച് കേരള കൗമുദി നിരവധി തവണ വാർത്ത നൽകിയിരുന്നു. കരുനാഗപ്പള്ളി നഗരസഭയിലെ ഏറ്റവും പഴക്കമുള്ളതും പ്രാധാന്യമേറിയതുമായ റോഡുകളിൽ ഒന്നാണിത്. മൂന്നര കിലോമീറ്റണ് റോഡിന്റെ ദൈർഘ്യം. 5 വർഷം മുമ്പാണ് റോഡിൽ അവസാനമായി അറ്രകുറ്റപ്പണികൾ നടത്തിയത്. റോഡിന്റെ മിക്ക ഭാഗങ്ങളും തകർന്ന് കുണ്ടും കുഴിയുമായി മാറിയിരുന്നു.
അറ്റകുറ്രപ്പണികൾ കരാറുകാരാൻ ചെയ്യണം
പൊതുമരാമത്ത് വകുപ്പിന്റെ പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തി റണ്ണിംഗ് കോൺട്രാക്ട് വ്യവസ്ഥയിലാണ് പണികൾ നടക്കുന്നത്. പുതിയ രീതി അനുസരിച്ച് ഒരു വർഷത്തിനുള്ളിൽ റോഡിൽ ഉണ്ടാകുന്ന അറ്റകുറ്രപ്പണികൾ ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം കരാറുകാരാൻ ചെയ്യണം.
റോഡിൽ ഉണ്ടാകുന്ന തകരാറുകൾ സർക്കാരിനെ അറിയിക്കാനുള്ള ഫോൺ നമ്പരുകളും റോഡിനോട് ചേർന്ന് സ്ഥാപിച്ചിരിക്കുന്ന ബോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. റോഡുകളുടെ നിർമ്മാണത്തിൽ നാട്ടുകാരുടെ നിരീക്ഷണം കൂടി ഉറപ്പ് വരുത്തുന്നതാണ് പുതിയ പദ്ധതി.