എഴുകോൺ : തകർന്നുവീഴാറായ എഴുകോൺ വില്ലേജ് ഓഫീസ് കെട്ടിടം മാറ്റി പണിയുന്നതിന് പഞ്ചായത്ത് സ്ഥലം വിട്ടുനൽകാൻ ഭരണ സമിതി തീരുമാനിച്ചു. എഴുകോൺ ജംഗ്ഷനിലെ പൊതു മാർക്കറ്റിനോട് ചേർന്നുള്ള സ്ഥലമാണ് കൈമാറുന്നത്.
റവന്യു അധികാരികൾ സ്ഥലം ആവശ്യപ്പെട്ട് കത്ത് നൽകിയതിനെ തുടർന്നാണ് ഈ തീരുമാനം.
വാർത്ത തുണയായി
വില്ലേജ് ഓഫീസിന്റെ ദുരിതാവസ്ഥ ദിവസങ്ങൾക്ക് മുൻപ് കേരള കൗമുദി വാർത്ത നൽകിയിരുന്നു. ഇതേ തുടർന്നാണ് നടപടി വേഗത്തിലായത്. ദൈനം ദിന പ്രവർത്തനങ്ങൾ പോലും ബുദ്ധിമുട്ടാകുന്ന അവസ്ഥയിലായിരുന്നു വില്ലേജ് ഓഫീസ് കെട്ടിടം . അനുയോജ്യമായ സ്ഥലം കണ്ടെത്തി ഓഫീസ് മാറ്റണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചിരുന്നു.
പൊതുജനങ്ങളുടെയും ജീവനക്കാരുടെയും സൗകര്യാർത്ഥം വില്ലേജ് ഓഫീസ് എഴുകോണിൽ നിലനിറുത്താനാണ് സ്ഥലം വിട്ടു നൽകുന്നത്. ഇപ്പോൾ വില്ലേജ് ഓഫീസ് നിൽക്കുന്ന സ്ഥലം പൊതു പാർക്കിംഗിന് ഉപയോഗിക്കും.
രതീഷ് കിളിത്തട്ടിൽ
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്