കൊല്ലം: പട്ടാപ്പകൽ പ്രൈവറ്റ് ബസിൽ മോഷണ ശ്രമം നടത്തിയ യുവതിയെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി ലക്ഷ്മിയാണ് (30) പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ 10 ഓടെ കൊല്ലം ചിന്നക്കടയിൽ പ്രൈവറ്റ് ബസിൽ യാത്ര ചെയ്തുവന്ന വടക്കേവിള, കർപ്പൂരം ചേരിയിൽ മെറില്ലയുടെ (68) ബാഗിൽ നിന്ന് പഴ്‌സ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർ പിടിയിലായത്. തിരക്കുള്ള ഇടങ്ങളിൽ കയറിക്കൂടി തന്ത്രപൂർവം മോഷണം നടത്തുന്നതാണ് രീതി. ബസ് ജീവനക്കാർ തടഞ്ഞുവച്ച് കൊല്ലം ഈസ്റ്റ് പൊലീസിന് കൈമാറുകയായിരുന്നു. ഈസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ അരുണിന്റെ നേതൃത്വത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.