 
കരുനാഗപ്പള്ളി: അയണി വേലിക്കുളങ്ങര വില്ലേജിൽ ഐ.ആർ.ഇയുടെ ഖനനനീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ നാളെ വൈകിട്ട് 4 ന് മനുഷ്യ ച്ചങ്ങല തീർക്കുന്നു. പത്മനാഭൻ ജെട്ടിക്ക് സമീപമുള്ള സെറ്റിൽമെന്റ് കോളനി മുതൽ വടക്കോട്ട് പണിക്കർ കടവ് വരെയാണ് മനുഷ്യച്ചങ്ങല തീർക്കുന്നത്. അതിന്റെ പ്രചരണാർത്ഥം ഇന്നലെ കോഴിക്കോട്, പണിക്കർകടവ്, തുറയിൽകുന്ന് ഭാഗങ്ങളിൽ ബൈക്കുകളിൽ വിളംബര ജാഥ നടത്തി. കരിമണൽ ഖനനം ആരംഭിച്ചാൽ ഇവിടം മറ്റൊരു ആലപ്പാടായി മാറുമെന്ന് നാട്ടുകാർ പറഞ്ഞു. ആലപ്പാട് ഗ്രാമപഞ്ചായത്തിൽ നടക്കുന്ന അശാസ്ത്രീയ കരിമണൽ ഖനനം മൂലം ഗ്രാമ പഞ്ചായത്തിലെ കിലോമീറ്ററോളം വരുന്ന സ്ഥലമാണ് വീണ്ടെടുക്കാൻ കഴിയാത്ത വിധം കടലിൽ പോയത്. അയണിവേലിക്കുളങ്ങരയിൽ നാളെ നടക്കുന്ന മനുഷ്യച്ചങ്ങല വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കുടുംബയോഗങ്ങൾ വിളിച്ച് ചേർത്തു. ബൈക്ക് റാലിക്ക് സമര സമിതി ചെയർമാൻ മുനപ്പത്ത് ഷിഹാബ്, ജനറൽ കൺവീനർ ജഗത് ജീവൻലാലി, ചീഫ് കോ - ഓർഡിനേറ്റർ ഉത്തമൻ, ട്രഷറർ ടി.വി.സനൽ, ഭദ്രകുമാർ, ജോബ് തുരുത്തിയിൽ, കുളച്ചവരമ്പേൽ ഷാജഹാൻ, സുരേഷ് പനക്കുളങ്ങര, അഷറഫ് പാവശ്ശേരിൽ, മുനമ്പത്ത് ഗഫൂർ, പി.പ്രശാന്തൻ തുടങ്ങിയവർ നേതൃത്വം നൽകി.