 
1.5 കോടിയുടെ പദ്ധതി
കൊല്ലം: നെടുവത്തൂർ ഗ്രാമപഞ്ചായത്തിന്റെ പുല്ലാമല ആരോഗ്യ കേന്ദ്രത്തിന് ഹൈടെക് കെട്ടിടമൊരുങ്ങും. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ശ്രമഫലമായി കെട്ടിട സമുച്ചയം നിർമ്മിക്കാൻ ഒന്നരക്കോടി രൂപ അനുവദിച്ചു. നടപടിക്രമങ്ങൾ പൂർത്തിയായാലുടൻ നിർമ്മാണ ജോലികൾ തുടങ്ങും. പഞ്ചായത്തിലെ ആനക്കോട്ടൂർ വാർഡിൽ പ്രവർത്തിക്കുന്ന ആരോഗ്യ കേന്ദ്രത്തിന്റെ പരിമിതികൾ അക്കമിട്ടുനിരത്തി കഴിഞ്ഞ 2021 സെപ്തംബർ 16ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. നൂറുകണക്കിന് രോഗികൾ നിത്യവും ചികിത്സതേടിയെത്തുന്ന ആരോഗ്യ കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതകളാണ് വാർത്തയിൽ ചൂണ്ടിക്കാട്ടിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഭരണസമിതി പ്രത്യേക താത്പര്യമെടുത്ത് ലാബ് സൗകര്യം ഒരുക്കിയിരുന്നു. ഇതിന് ശേഷമാണ് മന്ത്രി കെ.എൻ.ബാലഗോപാലിന്റെ പ്രത്യേക പരിഗണന ലഭിച്ചത്.
പ്രവർത്തനം തട്ടിക്കൂട്ട് സംവിധാനത്തിൽ
നെടുവത്തൂർ പഞ്ചായത്തിലെ തേവലപ്പുറത്തിനും ആനക്കോട്ടൂരിനും ഇടയിലായിട്ടാണ് തീർത്തും ഗ്രാമീണാന്തരീക്ഷത്തിൽ ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. പതിറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ച കെട്ടിടത്തിലാണ് പ്രവർത്തനം. പലപ്പോഴായി മുൻപോട്ടും പുറകോട്ടുമൊക്കെ ചരിപ്പുകൾ ഇറക്കിയതൊഴിച്ചാൽ മെച്ചപ്പെട്ട കെട്ടിടം ഇവിടെ നിർമ്മിക്കാൻ കഴിഞ്ഞില്ല. ഉപയോഗമില്ലാതെ കാടുമൂടി നശിച്ച കെട്ടിടം ആയുർവേദ വിഭാഗത്തിന് വിട്ടുകൊടുക്കുകയുമുണ്ടായി. ആരോഗ്യ കേന്ദ്രത്തിന് വേണ്ടുവോളം ഭൂമി ഇവിടെയുണ്ട്. പഞ്ചായത്ത് പുതിയ കെട്ടിട നിർമ്മാണത്തിന് പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും പിന്നീട് മാറ്റി ചെലവിട്ടു. കിടത്തി ചികിത്സാ സംവിധാനം തുടങ്ങുമെന്ന പ്രഖ്യാപനവും വെറുതെയായി. ഇപ്പോൾ പുതിയ കെട്ടിടം നിർമ്മിക്കാൻ തുക അനുവദിച്ചതോടെ കിടത്തി ചികിത്സാ സംവിധാനവും പിന്നാലെ എത്തുമെന്നാണ് പ്രതീക്ഷ.
നെടുവത്തൂർ പഞ്ചായത്തിന്റെ ആരോഗ്യ കേന്ദ്രത്തിന്റെ ശോചനീയ സ്ഥിതി ഘട്ടം ഘട്ടമായി മാറ്റും. ഇപ്പോൾ പുതിയ കെട്ടിടം നിർമ്മിക്കും. മറ്റ് വികസന പദ്ധതികളും പിന്നാലെ എത്തിയ്ക്കും. കെ.എൻ.ബാലഗോപാൽ, മന്ത്രി