
പുനലൂർ: ഏറ്റെടുത്ത ചുമതലകൾ എല്ലാം പൂർത്തിയാക്കിയ ശേഷമാണ് പുനലൂരിലെ ജനകീയനായ ഡോക്ടർ ആർ.ഷാഹിർഷ മടങ്ങുന്നത്. ഇനി ഏറണാകുളം ജനറൽ ആശുപത്രിയിലെ സൂപ്രണ്ടാകും. പഴയ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയെ പത്ത് നിലയുള്ള ഹൈടെക് ആശുപത്രിയാക്കി മാറ്റിയതിന്റെ പിന്നിൽ ഷാഹിർഷയുടെ കഠിനമായ പ്രയത്നമുണ്ട്. പുനലൂർ നഗരസഭയുടെയും എച്ച്.എം.സിയുടെയും സഹകരണത്തോടെ ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങളും മറ്റും ഒരുക്കി നൽകുന്നതിന് സൂപ്രണ്ട് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കാൻസർ കെയർ യൂണിറ്റ്, മികച്ച ഡയാലിസിസ് യൂണിറ്റ്, ആധുനിക രീതിയിലുള്ള ഓപ്പറേഷൻ തിയേറ്ററുകൾ, പാലിയേറ്റീവ് കെയർ യൂണിറ്റ്, മികച്ച ലാബോറട്ടറി,വേദന രഹിത പ്രസവം, രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണ പദ്ധതിയടക്കം നിരവധി സൗകര്യങ്ങൾ ആശുപത്രിയിൽ സജ്ജമാക്കാൻ സൂപ്രണ്ടിന് കഴിഞ്ഞു. ദിവസവും 7000ത്തോളം രോഗികൾ ചികിത്സ തേടിയെത്തുന്ന താലൂക്ക് ആശുപത്രിക്ക് മാതൃശിശു സംരക്ഷണ സൗഹൃദ ആശുപത്രിയെന്ന ബഹുമതിയും നേടിയെടുക്കാൻ കഴിഞ്ഞു. ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ താത്കാലിക ജീവനക്കാരെ നിയമിച്ച് താലൂക്ക് ആശുപത്രിയുടെ ദൈനം ദിന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തിയിരുന്നു. ആലപ്പുഴ ജനറൽ ആശുപത്രിയിലെ സൂപ്രണ്ടായിരുന്ന ഡോ.സുഭഗനാണ് പുതിയ സൂപ്രണ്ടായി പുനലൂരിൽ ചാർജ്ജ് എടുത്തിരിക്കുന്നത്.