കൊല്ലം: കേരള സർവകലാശാല അത്ലറ്റ് മീറ്റിൽ പുനലൂർ ശ്രീനാരായണ കോളേജിലെ ശില്പ രാജിന് സ്വർണത്തിളക്കം. ഹാമർ ത്രോയിലും ഷോട്ട്പുട്ടിലുമാണ് ശില്പരാജ് സ്വർണം നേടിയത്. കടുത്ത മത്സരത്തിലൂടെയാണ് മികവിന്റെ ഒന്നാം സ്ഥാനം ലഭിച്ചത്. കൊട്ടാരക്കര കോട്ടാത്തല പണയിൽ ശില്പാനിലയത്തിൽ ബാബുരാജ്- ശോഭ ദമ്പതികളുടെ മകളായ ശില്പ എം.എ ഹിസ്റ്ററി രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. കഷ്ടപ്പാടുകളുമായി മല്ലടിക്കുന്ന ജീവിത സാഹചര്യത്തിലും ശില്പയിലെ കായിക മികവിന് വലിയ പ്രോത്സാഹനം നൽകിയത് കോളേജിലെ പ്രിൻസിപ്പലും കായിക അദ്ധ്യാപകനുമായ ഡോ.സന്തോഷ് കുമാറാണ്. ചിട്ടയായ പരിശീലനത്തിലൂടെ മുൻ വർഷങ്ങളിലും മികവിന്റെ ഒന്നാം സ്ഥാനങ്ങൾ സ്വന്തമാക്കിയിരുന്നു. ശില്പാരാജുൾപ്പടെയുള്ള ടീം അത്ലറ്റിക് മീറ്റിൽ ഓവറോൾ റണ്ണറപ് കപ്പും പുനലൂർ ശ്രീനാരായണ കോളേജിന് സ്വന്തമാക്കി.