
കൊല്ലം : ദേശീയപാത 66 ൽ കൊല്ലം ബൈപ്പാസിൽ കൊച്ചാലുംമൂട് കീക്കോലിൽമുക്ക് ജംഗ്ഷനിൽ വാഹനഗതാഗത സൗകര്യമുള്ള അടിപ്പാത നിർമ്മാണം പരിഗണിക്കാമെന്ന് ഉപരിതല ഗതാഗത, ദേശീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരി എൻ.കെ.പ്രേമചന്ദ്രൻ എം.പിക്ക് ഉറപ്പ് നൽകി.
വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വാണിജ്യവ്യാപാര സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നതും മുന്നുവശവും അഷ്ടമുടി കായലിനാൽ ചുറ്റപ്പെട്ടതുമായ കുരീപ്പുഴയിലെ ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പ്രേമചന്ദ്രൻ മന്ത്രിയെ നേരിൽകണ്ട് നിവേദനം നൽകി നടത്തിയ ചർച്ചയിലാണ് ഉറപ്പ് ലഭിച്ചത്.
ശ്രീനാരായണ ഓപ്പൺ യൂണിവേഴ്‌സിറ്റിക്ക് സമീപം അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യത്തിന് പുറമെയാണ് കൊച്ചാലുമൂട് കീക്കോലിമുക്ക് ജംഷ്‌നിൽ അടിപ്പാത വേണമെന്ന ആവശ്യം ഉന്നയിച്ചത്. നിലവിലെ രൂപകല്പന പ്രകാരം ദേശീയപാത, ബൈപാസ് സർവ്വീസ് റോഡോടുകൂടിയ ആറുവരി പാതയായി വികസിപ്പിക്കുന്നതോടെ കുരീപ്പുഴ പ്രദേശത്തേയ്ക്കുളള വാഹനഗതാഗതവും കാൽനടയാത്രയും ബുദ്ധിമുട്ടിലാകും. അടിപ്പാത ഇല്ലാതെ ആറുവരി പാത നിർമ്മിക്കുമ്പോൾ പ്രദേശവാസികൾക്കുണ്ടാകാവുന്ന ബുദ്ധിമുട്ട് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് നിവേദനവും ചർച്ചയും.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ദേശീയപാത അതോറിട്ടി ഒഫ് ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം എൻ.കെ.പ്രേമചന്ദ്രൻ എം.പി സ്ഥലപരിശോധന നടത്തി അടിപ്പാതയുടെ ആവശ്യകത ഉദ്യോഗസ്ഥരെ ബോദ്ധ്യപ്പെടുത്തിയിരുന്നു. കുരീപ്പുഴയിൽ കീക്കോലിൽ മുക്കിൽ അടിപ്പാതയുടെ ആവശ്യം കേരളകൗമുദിയും ചൂണ്ടിക്കാട്ടിയിരുന്നു.
'' അടിപ്പാത സാദ്ധ്യമാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിയെ നേരിൽ കണ്ട് ചർച്ച നടത്തിയത്. അടിപ്പാത നിർമ്മാണത്തിന്റെ എല്ലാ സാദ്ധ്യതകളും പരിശോധിക്കുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നൽകി "
എൻ.കെ.പ്രേമചന്ദ്രൻ എം.പി